ഗര്‍ഭം മറയ്ക്കാന്‍ വയര്‍വീക്ക രോഗമെന്ന് യുവതി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു; തുമ്പായത് സിസിടിവിയിലെ ബുള്ളറ്റിന്റെ ദൃശ്യങ്ങള്‍ ; പൊലീസിനെ വെട്ടിച്ച് കാമുകന്‍ ഗള്‍ഫിലേക്ക് കടന്നു

കരിപ്പൂര്‍ വിമാനത്താവളത്തിലെ കെഎഫ്‌സിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്
കുഞ്ഞുമായി കോട്ടപ്പറമ്പ് ജില്ലാ ആശുപത്രിയിലെ നഴ്സ്
കുഞ്ഞുമായി കോട്ടപ്പറമ്പ് ജില്ലാ ആശുപത്രിയിലെ നഴ്സ്

കോഴിക്കോട് : മൂന്നുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പന്നിയങ്കര ഇസ്ലാഹിയ പള്ളി വളപ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍, കുട്ടിയുടെ പിതാവ് ഗള്‍ഫിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. കുഞ്ഞിന്റെ അമ്മയുടെ കാമുകനും മലപ്പുറം ജില്ലയിലെ കാവന്നൂര്‍ സ്വദേശിയുമായ 21 കാരനാണ് പൊലീസിനെ വെട്ടിച്ച് ഗള്‍ഫിലേക്ക് കടന്നത്. കുഞ്ഞിന്റെ അമ്മയായ 21 കാരിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിലെ കെഎഫ്‌സിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. യുവതിയും കാമുകനും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കെഎഫ്‌സിയില്‍ ജീവനക്കാരായിരുന്നു. ഒക്ടോബര്‍ 28 ന് രാവിലെയാണ് യുവാവും യുവതിയും ചേര്‍ന്ന് കുഞ്ഞിനെ പള്ളിവളപ്പില്‍ ഉപേക്ഷിച്ചത്.

യുവാവും യുവതിയും രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ യുവതി ഗര്‍ഭിണിയായി. ഈ വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഗള്‍ഫില്‍ ജോലി കിട്ടി യുവാവ് പോയി. കരിപ്പൂരില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന യുവതിയുടെ ചെലവുകളൊക്കെ കാമുകനാണ് നോക്കിയിരുന്നത്. മൂന്നുമാസം മുമ്പ് കെ എഫ്‌സി പൂട്ടിയതോടെ യുവതി തൃശൂരിലെ സ്വന്തം വീട്ടിലേക്ക് പോയി. തനിക്ക് വയര്‍വീക്ക രോഗമാണെന്നും, കോഴിക്കോട് ചികില്‍സ നടത്തുകയാണെന്നുമാണ് യുവതി വീട്ടുകാരെ അറിയിച്ചിരുന്നത്.

കോഴിക്കോടും തൃശൂരുമായാണ് യുവതി പിന്നീട് താമസിച്ചിരുന്നത്. പ്രസവ തീയതിക്ക് രണ്ട് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ്, യുവതിയെയും കൊണ്ട് ബംഗളൂരുവിലേക്ക് പോയി. അവിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് യുവതി പ്രസവിച്ചു. അവിടെ നിന്ന് കുഞ്ഞുമായി കോഴിക്കോട്ട് എത്തിയ ഇരുവരും ബുള്ളറ്റ് ബൈക്കില്‍ പള്ളി പരിസരത്ത് എത്തി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ഇതിന് ശേഷം യുവതി നാട്ടിലേക്ക് പോയി. കുഞ്ഞിനെ ആരെങ്കിലും എടുത്ത് വളര്‍ത്തിക്കോട്ടെ എന്ന ധാരണയിലാണ് പള്ളിവളപ്പില്‍ ഉപേക്ഷിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കുഞ്ഞിനൊപ്പം ഒരു കത്തും ഉണ്ടായിരുന്നു. അള്ളാഹു തന്നതാണെന്ന് കരുതണമെന്നും, ആവശ്യമായ കുത്തിവെയ്പ്പുകളൊക്കെ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ കത്തെഴുതിയത് കാമുകനാണെന്ന് യുവതി പറഞ്ഞു. കോട്ടപ്പറമ്പ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലാണ് കുട്ടിയിപ്പോള്‍ ഉള്ളത്.

പള്ളിക്ക് അല്‍പ്പംമാറിയുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഒരു യുവാവും യുവതിയും ബുള്ളറ്റില്‍ പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഈ ബുള്ളറ്റ് തേടിയുള്ള പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രമേശ് നടത്തിയ അന്വേഷണമാണ് യുവതിയെ പിടിക്കാന്‍ സഹായിച്ചത്. ബുള്ളറ്റിന്റെ നമ്പര്‍ ഉപയോഗിച്ച് പൊലീസ് ഉടമയെ കണ്ടെത്തി. എന്നാല്‍ പൊലീസ് എത്തും മുമ്പു തന്നെ ( നവംബര്‍ ഒന്നിന്) യുവാവ് ഗള്‍ഫിലേക്ക് കടന്നു. യുവാവിന്റെ സുഹൃത്തുക്കളില്‍ നിന്നാണ് യുവതിയെക്കുറിച്ച് വിവരം ലഭിച്ചത്. യുവാവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com