വ്യതിയാനങ്ങളില്‍ പെട്ടുപോയവരെ തിരുത്തിയെടുക്കണം: മാവോയിസ്റ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിന് എതിരെ കെ ടി കുഞ്ഞിക്കണ്ണന്‍

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് സംഭവിക്കുന്ന വലതുപക്ഷ അവസരവാദത്തെ പോലെ തന്നെ എതിര്‍ത്തു തോല്പിക്കേണ്ടതും തിരുത്തിയെടുക്കേണ്ടതുമായ പ്രവണതയാണ് ഇടതു വ്യതിയാനവും
വ്യതിയാനങ്ങളില്‍ പെട്ടുപോയവരെ തിരുത്തിയെടുക്കണം: മാവോയിസ്റ്റ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിന് എതിരെ കെ ടി കുഞ്ഞിക്കണ്ണന്‍

മാവോയിസ്റ്റുകളോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ വിരുദ്ധാഭിപ്രായവുമായി മുതിര്‍ന്ന സിപിഎം നേതാവ് കെ ടി കുഞ്ഞിക്കണ്ണന്‍. വ്യതിയാനങ്ങളില്‍ പെട്ടുപോയവരെ തിരുത്തിയെടുക്കുകയാണ് പൊതു കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ ഉത്തരവാദിത്തമെന്ന് അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് സംഭവിക്കുന്ന വലതുപക്ഷ അവസരവാദത്തെ പോലെ തന്നെ എതിര്‍ത്തു തോല്പിക്കേണ്ടതും തിരുത്തിയെടുക്കേണ്ടതുമായ പ്രവണതയാണ് ഇടതു വ്യതിയാനവും. വ്യതിയാനങ്ങളില്‍ പെട്ടുപോയവരെ തിരുത്തിയെടുക്കുകയാണ് പൊതു കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ ഉത്തരവാദിത്തമെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

മാവോയിസ്റ്റുകളെ ആരും ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. മാവോയിസ്റ്റുകളെ തോക്കു കൊണ്ടല്ല നേരിടേണ്ടത് എന്ന സിപിഐ നിലപാടിന് സമാനമായ നിലപാടാണ് ഇപ്പോള്‍ കുഞ്ഞിക്കണ്ണനും സ്വീകരിച്ചിരിക്കുന്നത്. 

കുഞ്ഞിക്കണ്ണന്റെ കുറിപ്പ്: 

ഇന്ത്യയില്‍ വലുതും ചെറുതുമായി 200 ഓളം കമ്യൂണിസ്റ്റു ഗ്രൂപ്പുകളുണ്ട്... സാര്‍വദേശീയവും ദേശീയവുമായ പ്രശ്‌നങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളാണു വിവിധ ഗ്രൂപ്പുകളായി കമ്യൂണിസ്റ്റുകാരെ ഭിന്നിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്... ഭിന്നാഭിപ്രായങ്ങള്‍ ഉള്ളപ്പോഴും പൊതു ലക്ഷ്യത്തിനായി ഒന്നിച്ച് നില്‍്‌ക്കേണ്ട വരാണ് ഈ കമ്യുണിസ്റ്റ് വിഭാഗങ്ങള്‍...

സി പി ഐ എം, സി പി ഐ, സി പി ഐ (എം.എല്‍), സി പി ഐമാവോയിസ്റ്റ് തുടങ്ങി ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക്, എസ് യു സി ഐ ഇങ്ങനെ മര്‍കസിസം  ലെനിനിസ അംഗീകരിക്കുന്ന പാര്‍ടികളും ഗ്രൂപ്പുകളും... കോണ്‍ഗ്രസും ബി ജെ പിയും പ്രതിനിധികരിക്കുന്ന കോര്‍പ്പറേറ്റ് ചൂഷണത്തിന്റെയും സാമൂഹ്യ അടിച്ചമര്‍ത്തലിന്റെതുമായ ഭരണ വര്‍ഗ്ഗരാഷ്ട്രീയത്തിന് ബദലാവേണ്ട ഇടതു രാഷ്ട്രിയത്തെയാണ് ഈ പാര്‍ടികളും ഗ്രൂപ്പുകളും പ്രതിനിധീകരിക്കുന്നത്...

ഇതില്‍ മാവോയിസമെന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിനകത്ത് സംഭവിച്ച തീവ്രവാദപരമായ വ്യതിയാനത്തിന്റെ ഉല്പന്നമാണ്... അവരുടെ ഒറ്റപ്പെട്ടതും ഭീകരവാദപരവുമായ രാഷ്ട്രീയ ലൈന്‍ ഭരണകൂട സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന്നും പൊതു ജനാധിപത്യ പ്രസ്ഥാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതിനുമാണ് സഹായകരമാകുന്നതെന്നത് സമകാലീന ഇന്ത്യന്‍ അനുഭവമാണ്...

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് സംഭവിക്കുന്ന വലതുപക്ഷ അവസരവാദത്തെ പോലെ തന്നെ എതിര്‍ത്തു തോല്പിക്കേണ്ടതും തിരുത്തിയെടുക്കേണ്ടതുമായ പ്രവണതയാണ് ഇടതു വ്യതിയാനവും...

1950കളിലും 60തുകളിലുമായി സാര്‍വ്വദേശീയ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനകത്ത് നടന്ന ആശയസമരങ്ങളുടെ തുടര്‍ച്ചയിലാണ് ഭിന്നിപ്പുകള്‍ പ്രധാനമായും ഉണ്ടായത്... സി പി എസ് യു വും സി പിസിയും തമ്മില്‍ നടന്ന ആശയസമരങ്ങള്‍...അന്നു ഉന്നയിക്കപ്പെട്ട സോഷ്യലിസ്റ്റ് നിര്‍മ്മാണത്തെയും രണ്ടാം ലോകയുദ്ധാനന്തര ലോകസാഹചര്യത്തെ കുറിച്ചുള്ള വിലയിരുത്തലിനെയും നിയോ കൊളോണിയലിസത്തെയുമെല്ലാം സംബന്ധിച്ച പ്രശ്‌നങ്ങള്‍...

ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ മഹത്തായൊരു പ്രത്യയശാസ്ത്ര രാഷ്ട്രീയ സംവാദമായിട്ടാണ് സി പിസിയും സി പി എസ് യുവും തമ്മില്‍ നടന്ന ആശയസമരത്തെ രേഖപ്പെടുത്തിയിട്ടുള്ളത്... great Debate എന്ന പേരില്‍ ആ രേഖകളെല്ലാം സമാഹരിക്കപ്പെട്ടിട്ടുമുണ്ട്... സ്റ്റാലിന്റെ മരണശേഷം സോവിയറ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ചു കൊണ്ടാണ് ചൈനീസ് പാര്‍ടി സോഷ്യലിസ്റ്റ് നിര്‍മ്മാണത്തെയും സാമ്രാജ്യത്വത്തിന്റെ നിയോ കൊളാണിയല്‍ മാറ്റങ്ങളെയും വിശകലനം ചെയ്തുകൊണ്ട് പൊതു ലൈന്‍ മുന്നോട്ട് വെക്കുന്നത്. സി പി എസ് യു വിന്റെ തിരുത്തല്‍വാദ നിലപാടുകള്‍ക്കെതിരായ ആശയസമരത്തിന്റെ ഘട്ടത്തില്‍ സി പിസിക്ക് സംഭവിച്ച വ്യതിയാനങ്ങളാണ് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ഇടതു തീവ്രവാദ നിലപാടുകളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിസ്ഥാനമായി തീര്‍ന്നത്... ചൈനീസ് പാര്‍ടിയുടെ വ്യതിയാനങ്ങളില്‍ നിന്ന് മാറി നിന്ന തെക്കനേഷ്യയിലെ ഏക പാര്‍ടി ഹോ ചി മിന്‍ നേതൃത്വം നല്‍കിയ വിയറ്റ്‌നാമീസ് പാര്‍ടി മാത്രമായിരുന്നു... അവര്‍ അവരുടെ വസ്തു നിഷ്ഠ സാഹചര്യങ്ങള്‍ക്കനുസൃതമായി മാര്‍ക്‌സിസം പ്രയോഗിക്കുകയായിരുന്നു... വിയ്റ്റ്‌നാമില്‍ വിപ്ലവം വിജയകരമായി പൂര്‍ത്തിയാക്കുന്നു..

മൂന്നാം ഇന്റര്‍നാഷണല്‍ മുന്നോട്ട് വെച്ച കൊളോണിയല്‍ തിസീസിന്റെ അടിസ്ഥാന നിലപാടുകളില്‍ നിന്ന് മുന്നോട്ട് പോകാനും സ്വതന്ത്ര നിലപാട് സ്വീകരിക്കാനും കഴിയാതെ പോയതാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ ശൈഥില്യത്തിന് കാരണമെന്ന് കാണാം.. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസൃതമായ ഒരു ഇന്ത്യന്‍ പാതയുടെ പ്രശ്‌നം 1950കള്‍ മുതല്‍ ചര്‍ച്ച ചെയ്ത പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിന്ന് തെന്നിമാറുകയും ചൈനീസ് പാതയെക്കുറിച്ചും അല്‍ഖ്വയ്ദ ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയെ സംബന്ധിച്ചും ചാരു മജുംദാര്‍ മുതല്‍ ഗണപതി വരെയുള്ളവരുടെ അസംബന്ധ പൂര്‍ണമായവിശകലനങ്ങളാണ് മാവോയിസ്റ്റ് വ്യതിയാനത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്... വ്യതിയാനങ്ങളില്‍ പെട്ടുപോയവരെ തിരുത്തിയെടുക്കുകയാണ് പൊതു കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ ഉത്തരവാദിത്വം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com