ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല; കസ്റ്റഡി അപേക്ഷ ഇല്ല, വിധി നാളെ

യുഎപിഎ ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു
ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല; കസ്റ്റഡി അപേക്ഷ ഇല്ല, വിധി നാളെ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത രണ്ടു സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. കേസിന്റെ വാദത്തിനിടെ, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. യുഎപിഎ ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. കസ്റ്റഡി അപേക്ഷ നല്‍കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നിലവില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

യുഎപിഎയില്‍ പുനരാലോചന നടത്താന്‍ രണ്ടു ദിവസം വേണമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം കേസ് ഇന്നത്തേയ്ക്ക് മാറ്റിയത്. യുഎപിഎ നിലനിര്‍ത്തിക്കൊണ്ടും ജാമ്യത്തെ എതിര്‍ത്തുകൊണ്ടുമുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയത്. എന്നാല്‍ ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികള്‍ വിദ്യാര്‍ഥികളാണെന്ന് അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. യുഎപിഎ പോലുള്ള വകുപ്പുകള്‍ ചുമത്തുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്നും പ്രതിഭാഗം വാദിച്ചു.

യുഎപിഎ നിലനിര്‍ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയത്. പ്രതികള്‍ക്കു ജാമ്യം നല്‍കുന്നതിനെ റിപ്പോര്‍ട്ടില്‍ ഇന്നലെ എതിര്‍ത്തിരുന്നു. അതേസമയം യുഎപിഎ ഈ ഘട്ടത്തില്‍ ഒഴിവാക്കാമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. അതു പരിശോധിക്കാന്‍ രണ്ടു ദിവസം വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

യുഎപിഎ നിലനില്‍ക്കുന്ന ഒരു ഘടകവും ഈ കേസില്‍ ഇല്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞത്. രണ്ടു ലഘുലേഖ പിടിച്ചെടുത്തതാണ് കേസിന് ആധാരം. ലഘുലേഖകള്‍ കൈവശം വയ്ക്കുന്നതോ മാവോയക്ക് മുദ്രാവാക്യം വിളിക്കുന്നതോ കേസെടുക്കാവുന്ന കുറ്റമല്ലെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയെങ്കിലും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നത് ഒരിക്കലും കുറ്റമല്ല. അതുകൊണ്ടുതന്നെ ഈ കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് അഭാഭാഷകന്‍ വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com