പോക്സോ കേസുകൾക്ക് പുതിയ സമിതി; ചീഫ് സെക്രട്ടറി അധ്യക്ഷനാകും

പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ സമിതി രൂപീകരിക്കാന്‍ സര്‍ക്കാർ തീരുമാനം
പോക്സോ കേസുകൾക്ക് പുതിയ സമിതി; ചീഫ് സെക്രട്ടറി അധ്യക്ഷനാകും

തിരുവനന്തപുരം: പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ സമിതി രൂപീകരിക്കാന്‍ സര്‍ക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. 

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാനാണ് തീരുമാനം. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. രണ്ട് മാസം കൂടുമ്പോള്‍ ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ പോക്സോ കോടതികള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികള്‍ വരുമ്പോള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മനഃശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. വീടുകളിലടക്കം ഉണ്ടാവുന്ന പീഡനം തുറന്നു പറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് ലഭിക്കണം. ഇതിനായി കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനവും നിയമ ബോധവത്കരണം നല്‍കാനും യോഗം തീരുമാനിച്ചു.  കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകണമെന്നും യോ​ഗം നിരീക്ഷിച്ചു.

സ്കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൊലീസ്, എക്സൈസ് വകുപ്പുകള്‍ ഇക്കാര്യത്തില്‍ കര്‍ക്കശമായ ഇടപെടല്‍ നടത്തണം. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും സൈബര്‍ ഫോറന്‍സിക് ലബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. 

അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകള്‍ ഉണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നല്‍കുകയും വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൊലീസും സാമൂഹികനീതി വകുപ്പും യോജിച്ച് ഈ പ്രശ്നം കൈകാര്യം ചെയ്യണം.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്കും ബോധവത്കരണം നല്‍കണം. അധ്യാപക രക്ഷാകര്‍തൃ സമിതി യോഗങ്ങള്‍ ഇതിന് പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം. ബാലനീതി നിയമപ്രകാരം എല്ലാ പൊലീസ് സ്റ്റേഷനിലും ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍മാര്‍ ഉണ്ട്. അവര്‍ സ്കൂളുകളുമായി നിരന്തര ബന്ധം പുലര്‍ത്തുന്നത് കുറ്റകൃത്യം തടയാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com