അമിതവേഗതയില്‍ കാര്‍ ഓടിച്ചതിന് ക്യാമറയില്‍ കുടുങ്ങിയത് 90 തവണ, 36000 രൂപ പിഴ അടയ്ക്കാതെ മുങ്ങി; യുവതിയുടെ കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് ക്യാമറയില്‍ കുടുങ്ങി പിഴ അടയ്ക്കാതെ മുങ്ങിയ കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്
അമിതവേഗതയില്‍ കാര്‍ ഓടിച്ചതിന് ക്യാമറയില്‍ കുടുങ്ങിയത് 90 തവണ, 36000 രൂപ പിഴ അടയ്ക്കാതെ മുങ്ങി; യുവതിയുടെ കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

കൊച്ചി: അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് ക്യാമറയില്‍ കുടുങ്ങി പിഴ അടയ്ക്കാതെ മുങ്ങിയ കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. 90 പ്രാവശ്യമാണ് അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് മോട്ടോര്‍ വാഹനവകുപ്പ് ദേശീയപാതയില്‍ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത്. അതും വെറും എട്ട് മാസത്തിനുള്ളിലാണ് ഈ തുടര്‍ച്ചയായ നിയമലംഘനം. 

അമിതവേഗത്തില്‍ വാഹനമോടിച്ചതിന് പുറമേ നിയമലംഘനത്തിന്റെ പേരില്‍ ചുമത്തിയ പിഴ അടയ്ക്കാതെ മുങ്ങി നടക്കുകയുമായിരുന്നു യുവതി. ഓവര്‍ സ്പീഡിന് വാഹനമോടിച്ചതിന് ചുമത്തിയിട്ടുളള പിഴകള്‍ ഒടുക്കണമെന്നാവശ്യപ്പെട്ട് ഉടമയെ പല തവണ കത്ത് മുഖേനയും ഫോണ്‍ മുഖേനയും ബന്ധപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ഇവരുടെ കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് എറണാകുളം ജോയിന്റ് ആര്‍ടിഒ കെ മനോജ് പറഞ്ഞു.

എറണാകുളം നോര്‍ത്ത് സ്വദേശിനിയായ യുവതിയുടെ കാറിന്റെ രജിസ്‌ട്രേഷനാണ് റദ്ദാക്കുക. ഇതിന് മുന്നോടിയായി ഉടമയ്ക്ക് അവസാനവട്ട നോട്ടീസ് അയച്ചിട്ടുണ്ട്. അമിതവേഗത്തിന് പിഴത്തുകയായ 400 രൂപയാണ് അടയ്‌ക്കേണ്ടത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ മേയ് വരെയുള്ള കാലയളവില്‍ 36,000 രൂപയാണ് അമിതവേഗതയുടെ പേരില്‍ ഉടമയായ യുവതി പിഴയടയ്‌ക്കേണ്ടത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പിഴത്തുക അടയ്ക്കാന്‍ തയ്യാറായിട്ടില്ല. ആര്‍ടി ഓഫീസില്‍ വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഔദ്യോഗിക വെബ് സൈറ്റ് വഴി ഓണ്‍ലൈനായി പിഴയടയ്ക്കാമെന്ന് അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com