ആദ്യ നമ്പറില്‍ രണ്ടുമൂന്നു തവണ വിളിച്ചു, അവസാനം മാറിപ്പോയെന്ന് കൃത്യമായ മറുപടി, രണ്ടാം നമ്പറില്‍ വിളിച്ചപ്പോള്‍ സുഹൃത്തിനെ കിട്ടി; മലയാളിക്ക് 28.85 കോടി വന്ന വഴി

ദുബായ് ജബല്‍അലിയിലെ കോംബര്‍ഗന്‍ ഷുബര്‍ത് കമ്പനിയിലെ ടെക്‌നിക്കല്‍ ജീവനക്കാരായ 22 പേര്‍ ചേര്‍ന്നാണു ടിക്കറ്റ് എടുത്തത്
ആദ്യ നമ്പറില്‍ രണ്ടുമൂന്നു തവണ വിളിച്ചു, അവസാനം മാറിപ്പോയെന്ന് കൃത്യമായ മറുപടി, രണ്ടാം നമ്പറില്‍ വിളിച്ചപ്പോള്‍ സുഹൃത്തിനെ കിട്ടി; മലയാളിക്ക് 28.85 കോടി വന്ന വഴി

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക് എന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. ചെങ്ങന്നൂര്‍ പനച്ചനില്‍ കുന്നതില്‍ ശ്രീധരന്‍ നായരുടെ മകന്‍ ശ്രീനുവിന്റെ പേരില്‍ സഹപ്രവര്‍ത്തകര്‍ ചേര്‍ന്നെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ദുബായ് ജബല്‍അലിയിലെ കോംബര്‍ഗന്‍ ഷുബര്‍ത് കമ്പനിയിലെ ടെക്‌നിക്കല്‍ ജീവനക്കാരായ 22 പേര്‍ ചേര്‍ന്നാണു ടിക്കറ്റ് എടുത്തത്. എന്നാല്‍ 1.5 കോടി ദിര്‍ഹത്തിന്റെ (ഏതാണ്ട് 28.85 കോടി രൂപ) സമ്മാനം ലഭിച്ചതായുളള സന്തോഷ വാര്‍ത്ത അറിയിക്കാന്‍ അബുദാബി ബിഗ് ടിക്കറ്റിന്റെ അണിയറക്കാര്‍ ഏറെ ബുദ്ധിമുട്ടിയെന്നാണ് പുറത്തുവരുന്ന വിവരം.

അബുദാബി ബിഗ് ടിക്കറ്റിന്റെ അവതാരകനായ റിച്ചാര്‍ഡ് ആണ് എപ്പോഴും മെഗാ സമ്മാനം ലഭിച്ച വിജയിയെ വിവരം അറിയിക്കുക. ഈ മാസത്തെ വിജയിയായ ശ്രീനുവിനെ ഈ വാര്‍ത്ത അറിയിക്കാന്‍ വിളിച്ചപ്പോള്‍ നമ്പര്‍ മാറിപ്പോയെന്നാണ് ആദ്യം മറുപടി ലഭിച്ചത്. രണ്ടാമത്തെ നമ്പറില്‍ വിളിച്ചപ്പോള്‍ ശ്രീനുവിന്റെ സുഹൃത്തിനെയാണ് ലഭിച്ചത്.

അവതാരകന്‍ ആദ്യം ഒരു നമ്പറില്‍ വിളിക്കുകയും റിച്ചാര്‍ഡ് ആണെന്നും പറഞ്ഞുവെങ്കിലും മറുതലയ്ക്കല്‍ നിന്നും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. രണ്ടുമൂന്നു തവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തു. ശ്രീനുവാണോ എന്നുചോദിച്ചപ്പോള്‍ അല്ലെന്നും റിച്ചാര്‍ഡിനെ അറിയില്ലേ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നുമായിരുന്നു മറുപടി. ബിഗ് ടിക്കറ്റ് അധികൃതരും അവിടെ തടിച്ചുകൂടിയ ആളുകളും നെറ്റി ചുളിച്ചു. കൂടുതല്‍ സംസാരിച്ചപ്പോള്‍ തന്റെ പേര് വെളിപ്പെടുത്തിയ ആ വ്യക്തി നമ്പര്‍ മാറിപ്പോയെന്ന് കൃത്യമായി മറുപടി നല്‍കി

ആ നമ്പറിലെ ശ്രമം ഉപേക്ഷിച്ച് അവതാരകന്‍ റിച്ചാര്‍ഡ് രണ്ടാമത്തെ നമ്പറില്‍ വിളിച്ചു. ഈ നമ്പറില്‍ ഫോണ്‍ എടുത്തെങ്കിലും ഹിന്ദിയിലായിരുന്നു മറുപടി പറഞ്ഞത്. പിന്നീട് അദ്ദേഹം ഇംഗ്ലീഷിലും സംസാരിച്ചു. നിങ്ങള്‍ ശ്രീനുവാണോ എന്നു ചോദിച്ചപ്പോള്‍ ശ്രീനു തന്റെ സുഹൃത്താണെന്ന് മറുതലയ്ക്കല്‍ നിന്നും മറുപടി. ശ്രീനുവിനോട് സംസാരിക്കാന്‍ എന്തുചെയ്യണമെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അരമണിക്കൂര്‍ കഴിഞ്ഞു വിളിക്കൂ എന്നായിരുന്നു മറുപടി. ഒടുവില്‍ അരമണിക്കൂറിനു ശേഷം വിളിക്കാമെന്നു പറഞ്ഞു അവതാരകന്‍ റിച്ചാര്‍ഡ് പരിപാടി അവസാനിപ്പിച്ചു. പിന്നീട് അധികൃതര്‍ ശ്രീനുമായി ബന്ധപ്പെട്ട് കോടികളുടെ ഭാഗ്യം അറിയിക്കുകയായിരുന്നു.ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടിപതികളായ 22 ഇന്ത്യക്കാരില്‍  ഇരുപതു പേരും മലയാളികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com