''കാട്ടില്‍ തിരച്ചില്‍ നടത്തുന്നത് അത്ര എളുപ്പമല്ല, ആരോപണങ്ങള്‍ക്കു പിന്നാലെ പോവാനില്ല'' ; മാവോയിസ്റ്റ് വേട്ടയ്ക്കു നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥ പറയുന്നു

''കാട്ടില്‍ തിരച്ചില്‍ നടത്തുന്നത് അത്ര എളുപ്പമല്ല, ആരോപണങ്ങള്‍ക്കു പിന്നാലെ പോവാനില്ല'' ; മാവോയിസ്റ്റ് വേട്ടയ്ക്കു നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥ പറയുന്നു
ചൈത്ര തെരേസാ ജോണ്‍
ചൈത്ര തെരേസാ ജോണ്‍

കൊച്ചി: ''ഞങ്ങള്‍ ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നത്, ഈ ആരോപണങ്ങള്‍ക്കു പിന്നാലെ പോയി മറുപടി പറയാന്‍ ഞങ്ങളില്ല'' അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിക്കു നേതൃത്വം നല്‍കിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസാ ജോണ്‍ പറയുന്നു. ജോലി ഫലപ്രദമായി ചെയ്യാനായതില്‍ സന്തോഷമാണുള്ളതെന്നും ചൈത്ര പറഞ്ഞു.

2016 ബാച്ചിലെ ഐപിഎസ് ഓഫിസറായ ചൈത്രയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ആന്റി നക്‌സല്‍ ടെറര്‍ സ്‌ക്വാഡിന്റെ മേധാവിയായി ജൂലൈയിലാണ് ചൈത്ര സ്ഥാനമേറ്റത്. ആദ്യമായാണ് ഒരു വനിത ഈ പദവിയില്‍ എത്തുന്നത്. ചെറുപ്പക്കാരിയായ ഒരു ഉദ്യോഗസ്ഥയെ ആ സ്ഥാനത്തു നിയമിച്ചത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട തീരുമാനമാണെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ മൂന്നു മാസമായി മാവോയിസ്റ്റ് വേട്ടയ്ക്കുള്ള തയാറെടുപ്പുകളിലായിരുന്നു ചൈത്രയും സംഘവും. തമിഴ്‌നാട്ടിലും ആന്ധ്രയിലും കര്‍ണാടകയിലും സര്‍ക്കാരുകള്‍ നടപടി ശക്തമാക്കിയതോടെ മാവോയിസ്റ്റുകള്‍ താവളം  കേരളത്തിലേക്കു മാറ്റിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഒരുക്കങ്ങള്‍. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ കാടുകളില്‍ മാവോയിസ്റ്റുകള്‍ താവളമുറപ്പിക്കുന്നതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഏല്‍പ്പിച്ച ജോലി ഫലപ്രദമായി ചെയ്യാനായെന്നാണ് ചൈത്രയും സംഘവും കരുതുന്നത്. എന്നാല്‍ അതിന്റെ പേരില്‍ ആരോപണങ്ങള്‍ ഉയരുന്നത് മനോവീര്യം ചോര്‍ത്തുന്ന നടപടിയാണെന്ന് അവര്‍ പറയുന്നു. ''ഇതു ഞങ്ങളുടെ ജോലിയാണ്, ആരോപണങ്ങള്‍ക്കു പിന്നാലെ പോയി മറുപടി പറയാനില്ല.'' ചൈത്ര പറഞ്ഞു. ഒരു കാര്യം കൂടി ഈ യുവ ഐപിഎസ് ഉദ്യോഗസ്ഥ കൂട്ടിച്ചേര്‍ക്കുന്നു, '' കാട്ടില്‍ തിരച്ചില്‍ നടത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, തണ്ടര്‍ബോള്‍ട്ട് അത് കഴിയുന്നത്ര നന്നായി ചെയ്തു''

കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശിയായ ചൈത്ര ഐപിഎസ് പരിശീലനത്തിനിടെ മികവിന് അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com