ബാഗ്ദാദിയെ വേട്ടയാടിയ നായ്ക്കളെ വാങ്ങാനൊരുങ്ങി കേരള പൊലീസ്; ലക്ഷ്യം മാവോയിസ്റ്റ് വേട്ട ഉള്‍പ്പെടെ

മാവോയിസ്റ്റുകളെ തെരയുന്നതിന് ഉള്‍പ്പെടെ ലക്ഷ്യമിട്ടാണു ബെല്‍ജിയന്‍ മലിനോയ്‌സ് നായ്ക്കളെ വാങ്ങുന്നത്. 
ബാഗ്ദാദിയെ വേട്ടയാടിയ നായ്ക്കളെ വാങ്ങാനൊരുങ്ങി കേരള പൊലീസ്; ലക്ഷ്യം മാവോയിസ്റ്റ് വേട്ട ഉള്‍പ്പെടെ

തിരുവനന്തപുരം: ഭീകരസംഘടനാ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ പിടികൂടാന്‍ യുഎസ് സൈന്യം ഉപയോഗിച്ച നായ്ക്കളെ വാങ്ങാനൊരുങ്ങി കേരള പൊലീസ്. ബെല്‍ജിയന്‍ മലിനോയ്‌സ് എന്നയിനം നായ്ക്കളാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തിയതെന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതോടെ ഈ നായ്ക്കളുടെ താരമൂല്യവും വിലയും കൂടി.

ഈ ഇനത്തിലെ 5 നായ്ക്കുട്ടികള്‍ അടക്കം 15 എണ്ണത്തിനെയാണ് പൊലീസ് ഡോഗ് സ്‌ക്വാഡ് വാങ്ങുന്നത്. മാവോയിസ്റ്റുകളെ തെരയുന്നതിന് ഉള്‍പ്പെടെ ലക്ഷ്യമിട്ടാണു ബെല്‍ജിയന്‍ മലിനോയ്‌സ് നായ്ക്കളെ വാങ്ങുന്നത്. 

ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവന്‍ ബഗ്ദാദിയെ ഒളിത്താവളത്തില്‍ വളഞ്ഞ യുഎസ് സൈനിക സംഘത്തിലുണ്ടായിരുന്ന കോനന്‍ എന്ന നായയെക്കുറിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണു വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഈ ഇനം നായയുടെ വില കുതിച്ചുയര്‍ന്നു. ഇവയുടെ ബുദ്ധിശക്തിയും താരത്തിളക്കവും ബോധ്യപ്പെട്ടാണു കേരള പൊലീസ് പഞ്ചാബ് കെനല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഇവയെ വാങ്ങുന്നത്.  

45 ദിവസം പ്രായമുള്ള ഒരു ബെല്‍ജിയന്‍ മലിനോയ്‌സ് നായ്ക്കുട്ടിയുടെ ഏകദേശ വില 90,000 രൂപയാണ്. ബെല്‍ജിയന്‍ മലിനോയ്‌സ്-5, ലാബ്രഡോര്‍-5, ബീഗിള്‍സ് -5 എന്നീ ഇനങ്ങളാണു വാങ്ങുന്നതെന്നാണ് വിവരം.  ഡിജിപിയുടെ നേതൃത്വത്തിലുള്ള സമിതിയാണു അന്തിമ വില അംഗീകരിക്കുന്നത്. 

മണം പിടിക്കാനുള്ള ശക്തിക്കു പുറമേ ആക്രമണകാരി കൂടിയാണു ബെല്‍ജിയന്‍ മലിനോയ്‌സ്. ഏറ്റുമുട്ടല്‍ സ്ഥലങ്ങളില്‍ മിക്കപ്പോഴും ഇത്തരം നായ്ക്കളെയാണു സേന ആദ്യം വിടുക. സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, ദേശീയ അന്വേഷണ ഏജന്‍സി, സിബിഐ എന്നീ സേനാ വിഭാഗങ്ങള്‍ക്കെല്ലാം ബെല്‍ജിയന്‍ മലിനോയ്‌സ് നായ്ക്കളുണ്ട്. 

കേരള പൊലീസില്‍ ചേരുന്ന പുതിയ നായ്ക്കുട്ടികള്‍ക്കു പഞ്ചാബിലോ തൃശൂര്‍ പൊലീസ് അക്കാദമിയിലോ ഒരു വര്‍ഷത്തെ പരിശീലനം നല്‍കും. രണ്ട് വര്‍ഷം പ്രവൃത്തി പരിചയം നല്‍കിയശേഷം മൂന്നാം വര്‍ഷം സേനയില്‍ ചേര്‍ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com