മഞ്ചിക്കണ്ടിയിൽ  പരിക്കുകളോടെ രക്ഷപ്പെട്ട മാവോയിസ്റ്റുകളെവിടെ ? ദുരൂഹതയെന്ന് ബന്ധുക്കൾ

 മണിവാസകത്തെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മരിച്ച സ്ത്രീ രമയോ ശ്രീമതിയോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല
മഞ്ചിക്കണ്ടിയിൽ  പരിക്കുകളോടെ രക്ഷപ്പെട്ട മാവോയിസ്റ്റുകളെവിടെ ? ദുരൂഹതയെന്ന് ബന്ധുക്കൾ

പാലക്കാട്: മഞ്ചിക്കണ്ടിയിൽ ഏറ്റുമുട്ടലിൽ പരിക്കുകളോടെ രക്ഷപ്പെട്ടവരെ കണ്ടെത്താൻ കഴിയാതെ പൊലീസ്. രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടെന്നാണ് പൊലീസ് വിശദീകരിച്ചിരുന്നത്. മരിച്ച എല്ലാവരെയും തിരിച്ചറിയാൻ കാലതാമസമെടുക്കുന്നതിൽ ദുരൂഹതയുണ്ടെന്ന്  മണിവാസകത്തിന്റെ ബന്ധുക്കളും ആദിവാസി ആക്ഷൻ കൗൺസിലും ആരോപിച്ചു.

കഴിഞ്ഞ മാസം 28ന് തണ്ടർ ബോൾട്ട് സംഘത്തിന് നേരെ ആറ് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം  വെടിയുതിർത്തെന്നായിരുന്നു പൊലീസ് നൽകിയ വിശദീകരണം. ഇതിൽ മൂന്നുപേർ ആദ്യ ദിനവും ഒരാൾ രണ്ടാം ദിവസവും കൊല്ലപ്പെട്ടു. ആയുധധാരികളായ രണ്ടുപേർ ഉൾവനത്തിലുണ്ടെന്നായിരുന്നു പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചിക്കണ്ടി ഉൾവനത്തിൽ ഡ്രോൺ ഉൾപ്പെടെയുളള ആധുനിക തെരച്ചിൽ സംവിധാനമുപയോഗിച്ച് പരിശോധനകൾ നടത്തി.

എന്നാൽ ഇവരുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്നാണ് വിശദീകരണം. ഇവർ കർണാടക, തമിഴ്നാട് മേഖലകളിലേക്ക് പോകാനുളള സാധ്യത കൂടി കണക്കിലെടുത്ത് അതത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരും തെരച്ചിലിനുണ്ട്. മറുഭാഗത്ത് മരിച്ചവരെ തിരിച്ചറിയാൻ സാധിക്കാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്. മണിവാസകത്തെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മരിച്ച സ്ത്രീ രമയോ ശ്രീമതിയോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അരവിന്ദോ കാർത്തിയോ എന്നതിലും സ്ഥിരീകരണമില്ല. കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളോ മറ്റാരെങ്കിലുമോ എന്നതിൽ സ്ഥിരീകരണം വേണമെന്നാണ് ആദിവാസി ആക്ഷൻ കൗൺസിലിന്റെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com