'ഞങ്ങളുടെ സഹപാഠി അശോകന്‍ വിവാഹിതനാകുന്നു...'; പഴയ സുഹൃത്തിനെ കുടുംബ ജീവിതത്തിലേക്ക് നയിച്ച് ക്ലാസ്‌മേറ്റ്‌സ്, വേറിട്ട ക്ഷണക്കത്ത്

പെണ്ണിനെ കണ്ടെത്തിക്കൊടുക്കല്‍ മാത്രമല്ല, കല്യാണ ചെലവുകളും വഹിക്കുന്നത് ക്ലാസ്‌മേറ്റ്‌സാണ്
'ഞങ്ങളുടെ സഹപാഠി അശോകന്‍ വിവാഹിതനാകുന്നു...'; പഴയ സുഹൃത്തിനെ കുടുംബ ജീവിതത്തിലേക്ക് നയിച്ച് ക്ലാസ്‌മേറ്റ്‌സ്, വേറിട്ട ക്ഷണക്കത്ത്

തൃശൂര്‍ : പ്രാരാബ്ധങ്ങളുടെ നടുവില്‍ സ്വന്തം ജീവിതം മറന്ന സുഹൃത്തിനെ കതിര്‍മണ്ഡപത്തിലേക്ക് നയിച്ച് പഴയ സഹപാഠികള്‍. ഗുരുവായൂര്‍ മാമബസാര്‍ പരേതനായ തെക്കുംതല കുഞ്ഞപ്പന്റെ മകന്‍ അശോകനെയാണ്, സുഹൃത്തുക്കള്‍ ബാച്ചിലര്‍ ക്ലാസില്‍ നിന്നും കുടുംബ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്. അശോകന്റെയും ചക്കംകണ്ടം കാക്കശേരി പരേതനായ കൊച്ചുവിന്‍രെയും മണിയുടെയും മകള്‍ അജിതയുമായുള്ള വിവാഹം ഈ മാസം 24 നാണ്.

ഗുരുവായൂരില്‍ ഓട്ടോഡ്രൈവറാണ് അശോകന്‍. ചാവക്കാട് എംആര്‍ആര്‍എം ഹൈസ്‌കൂളിലെ 1983-84 ബാച്ചിലെ വിദ്യാര്‍ത്ഥിയാണ്. ഈ ബാച്ചിലുണ്ടായിരുന്നവര്‍ക്കെല്ലാം ഇപ്പോള്‍ ഏകദേശം 55 വയസ്സുണ്ട്. രണ്ടുമാസം മുമ്പ് നടന്ന ക്ലാസ്‌മേറ്റ്‌സ് സംഗമത്തിലാണ്, ഇനിയും അശോകനെ ഒറ്റയാനായി വിട്ടാല്‍ പറ്റില്ലെന്ന തീരുമാനമെടുത്തത്.

നൂറ്റമ്പതോളം പേര്‍ വരുന്ന ഈ ബാച്ചില്‍ ഡോക്ടര്‍മാരും അധ്യാപകരും പ്രവാസികളും തുടങ്ങി വിവിധതുറകളിലുള്ളവരുണ്ട്. പലര്‍ക്കും കൊച്ചുമക്കള്‍ വരെയുണ്ട്. ഇനിയും അശോകനെ വെറുതെ വിടാനാകില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെ, പെണ്ണുകാണാനും ഇവര്‍ സജീവമായി രംഗത്തിറങ്ങി. അധികം താമസിയാതെ അജിതയെ കണ്ട് ഇഷ്ടപ്പെടുകയായിരുന്നു.

പെണ്ണിനെ കണ്ടെത്തിക്കൊടുക്കല്‍ മാത്രമല്ല, കല്യാണ ചെലവുകളും വഹിക്കുന്നത് ക്ലാസ്‌മേറ്റ്‌സാണ്. വരനും വധുവിനുമുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ഇവര്‍ എടുത്തുകഴിഞ്ഞു. വരന്റെ വിവാഹവസ്ത്രങ്ങള്‍ ബാച്ചിലെ ആണ്‍കുട്ടികള്‍ എടുത്തപ്പോള്‍, പെണ്‍കുട്ടികളാണ് വധുവിന്റെ കല്യാണപ്പുടവ അടക്കം വാങ്ങിയത്. വിവാഹത്തിന് വ്യത്യസ്തമായ കല്യാണക്കുറിയും റെഡിയായി.

ഞങ്ങളുടെ സഹപാഠി അശോകന്‍ വിവാഹിതനാകുന്നു എന്ന ക്ഷണക്കത്തിന്റെ രൂപകല്‍പ്പന ഗള്‍ഫിലുള്ള സഹപാഠിയുടേതാണ്. വിവാഹദിനമായ നവംബര്‍ 24 ന് ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹപാഠികളെല്ലാം ചേര്‍ന്ന് വിവാഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com