നറുക്കെടുപ്പിന് 2 മിനിറ്റ് മുന്‍പ് ടിക്കറ്റെടുത്തു; മുന്‍ ലോട്ടറി വില്‍പനക്കാരിക്ക് 60 ലക്ഷം രൂപ ഭാഗ്യസമ്മാനം

60 ലക്ഷത്തിന് പുറമേ 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കി
നറുക്കെടുപ്പിന് 2 മിനിറ്റ് മുന്‍പ് ടിക്കറ്റെടുത്തു; മുന്‍ ലോട്ടറി വില്‍പനക്കാരിക്ക് 60 ലക്ഷം രൂപ ഭാഗ്യസമ്മാനം

ആലപ്പുഴ; നറുക്കെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പ് ലോട്ടറി എടുത്ത മുന്‍ ലോട്ടറി വില്‍പ്പനക്കാരിയെ തേടിയെത്തിയത് അറുപത് ലക്ഷത്തിന്റെ ഭാഗ്യസമ്മാനം. തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയില്‍ ലേഖ പ്രകാശിനാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്. നറുക്കെടുപ്പിന് 2 മിനിറ്റ് മുന്‍പാണ് ടിക്കറ്റ് സ്വന്തമാക്കിയത്. 60 ലക്ഷത്തിന് പുറമേ 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കി. 

കൊമ്മാടി കുയില്‍ ലോട്ടറി ഏജന്‍സിയില്‍നിന്ന് എവൈ-771712 നമ്പര്‍ ലോട്ടറി ടിക്കറ്റ് ഇന്നലെ 2.58നാണ് എടുത്തത്. വൈകിട്ട് 3ന് ആയിരുന്നു നറുക്കെടുപ്പ്. ആകെ 12 ടിക്കറ്റുകളാണ് എടുത്തത്. 2 വര്‍ഷം മുന്‍പു വരെ കലക്ടറേറ്റിന് മുന്‍പില്‍ ലോട്ടറി വില്‍പന നടത്തുകയായിരുന്നു ലേഖ. ലോറി ഡ്രൈവര്‍ ആയിരുന്ന ഭര്‍ത്താവ് കെ.ആര്‍.പ്രകാശിന് വാഹനാപകടം ഉണ്ടായതോടെയാണ് ലോട്ടറി വില്‍പ്പന അവസാനിപ്പിച്ചത്. 

ഭര്‍ത്താവും മക്കളായ കൃഷ്ണപ്രിയ, കൃതി കൃഷ്ണ, കാര്‍ത്തിക് കൃഷ്ണ, ദേവി കൃഷ്ണ എന്നിവരും അടങ്ങുന്ന കുടുംബത്തിന് വീടും സ്ഥലവുമില്ല. ലേഖയുടെ കുടുംബവീട്ടിലാണ് താമസം. സമ്മാനത്തുക ഉപയോഗിച്ച് വീട് നിര്‍മിക്കാനും ഒരു ലോട്ടറിക്കട തുടങ്ങാനുമാണ് ആഗ്രഹം. ലോട്ടറി ടിക്കറ്റ് എസ്ബിഐ സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡ് ശാഖയില്‍ നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com