നസീമിന് എതിരേയുള്ള കമന്റുകള്‍ ലൈക്ക് ചെയ്തു, നെഗറ്റീവ് കമന്റിട്ടു; യൂണിവേഴ്‌സിറ്റി കൊളജില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദം 

ഫേയ്‌സ്ബുക്കിലെ നസീമിന്റെ വിവാദ പരാമര്‍ശത്തിന് എതിരേ പ്രതികരിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്
നസീമിന് എതിരേയുള്ള കമന്റുകള്‍ ലൈക്ക് ചെയ്തു, നെഗറ്റീവ് കമന്റിട്ടു; യൂണിവേഴ്‌സിറ്റി കൊളജില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദം 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കൊളജിലെ കത്തിക്കുത്ത് കേസിലെ പ്രതി നസീമിനെതിരേ പ്രതികരിച്ച മുന്‍ യൂണിവേഴിസിറ്റി കൊളജ് വിദ്യാര്‍ത്ഥിക്കും സുഹൃത്തിനും മര്‍ദനം. കേസിലെ കൂട്ടുപ്രതിയുടെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐക്കാരാണ് മര്‍ദിച്ചത്.  ഒരു വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയ തമലം സ്വദേശി അനൂപ് ആര്യങ്കോട് സ്വദേശി ശ്യം എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഫേയ്‌സ്ബുക്കിലെ നസീമിന്റെ വിവാദ പരാമര്‍ശത്തിന് എതിരേ പ്രതികരിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. 

യൂണിവേഴ്‌സിറ്റി കോളേജില്‍ ടി.സി. വാങ്ങാനെത്തിയ രണ്ടുപേരെ സംസ്‌കൃത കോളേജില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി കൊളജ് കത്തിക്കുത്ത്, പിഎസ് സി പരീക്ഷത്തട്ടിപ്പ് എന്നീ കേസുകളില്‍ പ്രതിയായ നസീം ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞദിവസം ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പരീക്ഷത്തട്ടിപ്പ് തന്റെ കഴിവാണെന്ന തരത്തില്‍ നടത്തിയ പ്രതികരണം വിവാദമായിരുന്നു. ഇതിനെതിരെയാണ് അനൂപ് രംഗത്തെത്തിയിരുന്നു. ഇതു ചോദിച്ചാണ് കത്തിക്കുത്ത് കേസില്‍ നസീമിന്റെ കൂട്ടുപ്രതിയായിരുന്ന വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ ഇവരെ മര്‍ദിച്ചത്.

നസീമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിനെതിരേ വന്ന കമന്റുകള്‍ക്ക് ലൈക്ക് ചെയ്തതും നെഗറ്റീവ് കമന്റ് ഇട്ടതും ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മര്‍ദനം. ഇതില്‍ ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. മൊഴിയെടുക്കാന്‍ പോലീസ് ജനറല്‍ ആശുപത്രിയിലെത്തിയെങ്കിലും മര്‍ദനമേറ്റവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി തങ്ങള്‍ക്കു പരാതിയില്ലെന്ന് അറിയിച്ചു. തമലം സ്വദേശിക്കാണ് കൂടുതല്‍ മര്‍ദനമേറ്റത്. സംഘംചേര്‍ന്നു മര്‍ദിച്ചശേഷം സംസ്‌കൃത കോളേജിലുണ്ടായിരുന്നവര്‍ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം ഇവര്‍ പരാതിനല്‍കാന്‍ ആലോചിച്ചെങ്കിലും വീണ്ടും ഭീഷണികളുണ്ടായതോടെയാണ് പോലീസില്‍ പരാതിനല്‍കാതെ പിന്‍വലിഞ്ഞതെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com