പത്ത് മാസമായി ശമ്പളമില്ല; നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഓഫിസിനുള്ളില്‍ തൂങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2019 11:39 AM  |  

Last Updated: 07th November 2019 11:41 AM  |   A+A-   |  

bsnl-660

 

മലപ്പുറം; ശമ്പളം ലഭിക്കാത്തതിന്റെ വിഷമത്തില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഓഫിസിനുള്ളില്‍ ആത്മഹത്യ ചെയ്തു. മലപ്പുറം നിലമ്പൂര്‍ ബിഎസ്എന്‍എല്‍ ഓഫിസിലെ താല്‍ക്കാലിക സ്വീപ്പര്‍ ജീവനക്കാരനായ രാമകൃഷ്ണനാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന് പത്ത് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. കഴിഞ്ഞ 30 വര്‍ഷമായി ഇവിടെ താല്‍ക്കാലിക തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. 

രാവിലെ ഓഫിസിലെത്തിയ രാമകൃഷ്ണന്‍ ജോലി ആരംഭിച്ചിരുന്നു. മറ്റ് ജീവനക്കാര്‍ പുറത്ത് പോയ സമയത്താണ് ഓഫീസ് മുറിയില്‍ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴാണ് രാമകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടൂര്‍ സ്വദേശിയാണ് രാമകൃഷ്ണന്‍. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നയാളായിരുന്നുവെന്നും ശമ്പളം ലഭിക്കാത്തതിലാല്‍ ഏറെ വിഷമത്തിലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലില്‍ ശമ്പളപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ജീവനക്കാരന്‍ ഓഫീസ് മുറിയില്‍ ജീവനൊടുക്കിയത്. ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ മലപ്പുറം കലക്ടറേറ്റിന് മുന്നിലും ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലും സമരത്തിലാണ്. അതിനിടെ ബിഎസ്എന്‍എല്ലിനേയും എംടിഎന്‍എല്ലിനേയും ലയിപ്പിക്കുന്നതിന്റെ ഭാഗമായി അധികം വരുന്ന ജീവനക്കാരെ സ്വയംവിരമിക്കല്‍ പദ്ധതി വഴി ഒഴിവാക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.