പിഎസ് സി പരീക്ഷ റദ്ദാക്കേണ്ടതില്ല, പരീക്ഷത്തട്ടിപ്പു കേസിലെ പ്രതികള്‍ക്കൊഴികെ നിയമനം നല്‍കാമെന്ന് ക്രൈംബ്രാഞ്ച്

കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്ക് ഒഴികെ ബാക്കിയുള്ളവര്‍ക്ക് നിയമനം നല്‍കുന്നതില്‍ തടസമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
പിഎസ് സി പരീക്ഷ റദ്ദാക്കേണ്ടതില്ല, പരീക്ഷത്തട്ടിപ്പു കേസിലെ പ്രതികള്‍ക്കൊഴികെ നിയമനം നല്‍കാമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം; പിഎസി സി പരീക്ഷ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട് വിവാദത്തിലായ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്ക് ഒഴികെ ബാക്കിയുള്ളവര്‍ക്ക് നിയമനം നല്‍കുന്നതില്‍ തടസമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ക്ക് നിയമനം നല്‍കേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ. പരീക്ഷയില്‍ വ്യാപക ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

പിഎസ് സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. യൂണിവേഴ്‌സിറ്റി കൊളജിലെ കത്തിക്കുത്ത് കേസില്‍ അറസ്റ്റിലായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പരീക്ഷ തട്ടിപ്പ് നടത്തി പിഎസ് സി ലിസ്റ്റില്‍ കയറിക്കൂടിയത്. യൂണിവേഴ്‌സിറ്റി കൊളെജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന പ്രതികള്‍ പിഎസ് സി ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത് എത്തിയതാണ് സംശയങ്ങള്‍ക്ക് വഴിവെച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

സ്മാര്‍ട്ട് വാച്ചിലെ ബ്ലൂടൂക്ക് ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സുഹൃത്തുക്കള്‍ പുറത്തുനിന്ന് സന്ദേശമായി അയച്ച ഉത്തരങ്ങള്‍ ഈ വാച്ച് വഴി സ്വീകരിച്ചാണ് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിലേക്ക് 96 സന്ദേശങ്ങളും പ്രണവിനും 78 സന്ദേശങ്ങളുമാണ് ലഭിച്ചത്. പ്രതികള്‍ക്ക് പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ നല്‍കിയെന്ന് സംശയിക്കുന്ന പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ഗോകുല്‍ ഒളുവിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com