പേരിനു പിന്നിലെ ജാതിവാലുകൾ തിരിച്ചുവരുന്നു : മുഖ്യമന്ത്രി

മുൻ തലമുറയുടെ പ്രവർത്തനം അതേ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞോയെന്ന് പരിശോധിക്കണം
പേരിനു പിന്നിലെ ജാതിവാലുകൾ തിരിച്ചുവരുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം: പേരിനു പിന്നിലെ ജാതിവാലുകൾ തിരിച്ചുവരുന്ന പ്രവണത വർദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി പേരിനു പിന്നിലെ ജാതിവാലുകൾ മുറിച്ചുകളഞ്ഞവരുടെ കുട്ടികളിലും പേരക്കുട്ടികളിലും വാലുചേർന്നുള്ള പേരുകൾ തിരിച്ചുവരികയാണ്. ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഗ്രന്ഥശാലാസംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻ തലമുറയുടെ പ്രവർത്തനം അതേ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞോയെന്ന് പരിശോധിക്കണം. യാഥാസ്ഥിതിക ശക്തികൾക്കുണ്ടായിരുന്ന മേധാവിത്വത്തെ ദേശീയപ്രസ്ഥാനങ്ങളും ഇടതുപക്ഷവും നവോത്ഥാന നായകരും എതിർത്തു തോൽപ്പിച്ചിരുന്നു. നാട്‌ മാറുകയും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ കേരളം രൂപപ്പെടുകയും ചെയ്തു. എന്നാൽ, പ്രതിലോമശക്തികൾ ഒരിക്കലും അടങ്ങിയിരുന്നില്ല. അവർ പ്രവർത്തനം തുടർന്നുകൊണ്ടിരുന്നു. ഇത് ഗൗരവമായി കാണാത്തതിനാൽ അവയുടെ ഇടപെടൽ കൂടുതലുണ്ടായി. അന്ന് നാടും ജനവും എതിരായിരുന്നതിനാൽ അവയുടെ പ്രവർത്തനം ശക്തമായിരുന്നില്ല. ഇന്ന് പൊതുസമൂഹത്തിനു ചേരാത്ത കാര്യങ്ങൾ അവതരിപ്പിക്കാൻ അവർ മടിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാനത്തിന്റെ കാലഘട്ടത്തിൽ വായനയ്ക്കു രാഷ്ട്രീയമുെണ്ടന്ന് പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി സി രവീന്ദ്രനാഥ്  മന്ത്രി പറഞ്ഞു. പ്ലാറ്റിനം ജൂബിലി ഗ്രാന്റ് വിതരണോദ്ഘാടനം അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി എൻ.എസ്.ഗോപാലകൃഷ്ണനു നൽകി മന്ത്രി നിർവഹിച്ചു. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകർക്കുള്ള ഖാദി വസ്ത്രവിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com