യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസ്; കൊല നടത്തിയത് ഒറ്റയ്ക്ക്; അനിയനെയും സുഹൃത്തുക്കളെയും വെറുതെ വിടണം; കുറ്റം ഏറ്റുപറഞ്ഞ് വസീം; വീഡിയോ സന്ദേശം

ഇടുക്കി ശാന്തന്‍പാറ പുത്തടിയില്‍ മുല്ലൂര്‍ വീട്ടില്‍ റിജോഷിനെ കൊന്ന് റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട കേസില്‍ കുറ്റം സമ്മതിച്ച് വസീം
യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസ്; കൊല നടത്തിയത് ഒറ്റയ്ക്ക്; അനിയനെയും സുഹൃത്തുക്കളെയും വെറുതെ വിടണം; കുറ്റം ഏറ്റുപറഞ്ഞ് വസീം; വീഡിയോ സന്ദേശം

തൊടുപുഴ: ഇടുക്കി ശാന്തന്‍പാറ പുത്തടിയില്‍ മുല്ലൂര്‍ വീട്ടില്‍ റിജോഷിനെ കൊന്ന് റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട കേസില്‍ കുറ്റം സമ്മതിച്ച് വസീം. പൊലീസിന് അയച്ച വീഡിയോ സന്ദേശത്തിലാണ് വസീമിന്റെ കുറ്റം ഏറ്റുപറച്ചില്‍. കൊല നടത്തിയത് താന്‍ മാത്രമാണെന്നും മറ്റാര്‍ക്കും കൃത്യത്തില്‍ പങ്കില്ലെന്നും, അനിയനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും വസീം വീഡിയോയില്‍ പറയുന്നു.

വസീമീന്റെ വാക്കുകള്‍: ശാന്തന്‍ പാറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റിജോഷ് മര്‍ഡര്‍ കേസിലെ പ്രതി ഞാനാണ്. എന്റെ അനിയനെയും അവന്റെ കൂട്ടൂകാരെയും വെറുതെ വിടണം. അവര്‍ക്ക് ഈ കൊലയുമായി യാതൊരു ബന്ധവുമില്ല- വീഡിയോ സന്ദേശത്തില്‍ പറയുന്നു

സംഭവത്തിന് പിന്നാലെ വസീമിന്റെ അനിയനെയും അനിയന്റെ സുഹൃത്തുക്കളെയും അന്വേഷണത്തിനായി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊല നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന കുറ്റസമ്മതവുമായി വസീം രംഗത്തെത്തിയത്. ഇന്ന് തന്നെ പ്രതിയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സാഹചര്യത്തില്‍ പ്രതി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യമെ സംശയിച്ചത് വസീമിനെയും റിസോര്‍ട്ട് ഉടമയായ റിജോഷിന്റെ ഭാര്യയെയുമാണ്. റിജോഷിനെ കൊലപ്പെടുത്തി വീടിന്റെ സമീപത്തുള്ള റിസോര്‍ട്ട് വളപ്പില്‍ തന്നെ ചാക്കില്‍ കെട്ടി കുഴിച്ചിടുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം.

റിജോഷിന്റെ തിരോധാനത്തിനു ശേഷം റിജോഷിന്റെ ഭാര്യ ലിജിയോടോപ്പം റിസോര്‍ട്ട് മാനേജറെയും കാണാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ശാന്തന്‍പാറ പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്.  പുത്തടി മഷ്‌റൂം ഹട്ട് റിസോര്‍ട്ടിന്റെ സമീപത്താണു മൃതദേഹം കുഴിച്ചിട്ടിരുന്നത്. റിസോര്‍ട്ട് വളപ്പില്‍ ചെറിയ കുഴിയില്‍ ഒരു ചത്ത പശുവിനെ കുഴിച്ചിട്ടിരുന്നതായും അതില്‍ നിന്നു ദുര്‍ഗന്ധം വരുന്നതിനാല്‍ കുറച്ചു മണ്ണിട്ടു മൂടണമെന്നു ഫോണിലൂടെ സമീപവാസിയായ ജെസിബി  ഡ്രൈവര്‍ക്കു വസീം നിര്‍ദേശം നല്‍കിയിരുന്നു.

ജെസിബി ഡ്രൈവര്‍ റിസോര്‍ട്ടിലെത്തി മുഴുവന്‍ മൂടാത്ത കുഴി കണ്ട് അത് കൂടുതല്‍ മണ്ണിട്ടു നികത്തുകയും ചെയ്തതായി പൊലീസിനു മൊഴി നല്‍കിയിരുന്നു. റിജോഷിനെ കാണാനില്ലെന്നു പരാതി കിട്ടിയതിനെ തുടര്‍ന്നു സംശയം തോന്നിയ പൊലീസ് സ്ഥലത്തെത്തി മണ്ണു നീക്കിയതോടെയാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com