അവര്‍ക്ക് ഇനി മിഠായി തിന്നാം, കുട്ടിക്കൂട്ടത്തിന്റെ കൈയിലെത്തിയത് ഏഴ് ഫുട്‌ബോള്‍, ഒപ്പം ഉണ്ണി മുകുന്ദന്‍ സമ്മാനിച്ച ജഴ്‌സിയും (വിഡിയോ)

വിഡിയോ ഹിറ്റായതോടെ ഈ കുട്ടിക്കൂട്ടത്തെ തേടി ഫുട്‌ബോളും ജേഴ്‌സിയുമെല്ലാമായി കൈനിറയെ സമ്മാനങ്ങളാണ് എത്തുന്നത്
അവര്‍ക്ക് ഇനി മിഠായി തിന്നാം, കുട്ടിക്കൂട്ടത്തിന്റെ കൈയിലെത്തിയത് ഏഴ് ഫുട്‌ബോള്‍, ഒപ്പം ഉണ്ണി മുകുന്ദന്‍ സമ്മാനിച്ച ജഴ്‌സിയും (വിഡിയോ)

മലപ്പുറം; മലപ്പുറം മമ്പാട് പുളിക്കലോടിയിലെ 13 കുട്ടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. മിഠായി തിന്നാല്‍ പല്ലു ചീത്തയാകുമെന്നും അത് ഉപേക്ഷിച്ച് ഫുട്‌ബോളും ജേഴ്‌സിയും വാങ്ങാനുള്ള പണം കൂട്ടിവെക്കണം എന്നു പറയാന്‍ അവര്‍ ചേര്‍ന്ന യോഗം മലയാളികളുടെ മനസു കീഴടക്കിയതോടെയാണ് ഇവര്‍ സൂപ്പര്‍സ്റ്റാറുകളായത്. വിഡിയോ ഹിറ്റായതോടെ ഈ കുട്ടിക്കൂട്ടത്തെ തേടി ഫുട്‌ബോളും ജേഴ്‌സിയുമെല്ലാമായി കൈനിറയെ സമ്മാനങ്ങളാണ് എത്തുന്നത്. നടന്‍ ഉണ്ണി മുകുന്ദനും കുട്ടിത്താരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. 

15 ജേഴ്‌സികളാണ് കുട്ടികള്‍ക്കായി ഉണ്ണി മുകുന്ദന്‍ അയച്ചു കൊടുത്തത്. കൂടാതെ ഇന്നലെ വൈകിട്ടു വരെ ഏഴ് ഫുട്‌ബോളാണ് കുട്ടികള്‍ക്ക് ലഭിച്ചത്. ഇനിയും എത്ര ഫുട്‌ബോള്‍ വാങ്ങിത്തരണമെന്നു ചോദിച്ച് ഇപ്പോഴും ആളുകളുടെ വിളിയെത്തുന്നുണ്ട്. സ്പാനിഷ് പരിശീലകന്‍ ടിനോയുടെ നേതൃത്വത്തിലെത്തിയ മലപ്പുറം വേക്ക് അപ് അക്കാദമി കുട്ടികള്‍ക്കു ഫുട്‌ബോളുകള്‍ സമ്മാനിച്ചു. കുട്ടികളില്‍ 2 പേരെ അക്കാദമിയില്‍ പരിശീലനത്തിനു ക്ഷണിച്ചിട്ടുമുണ്ട്.

കഴിഞ്ഞദിവസമാണ് കുട്ടികളുടെ യോഗത്തിന്റെ വിഡിയോ സുശാന്ത് നിലമ്പൂര്‍ പോസ്റ്റ് ചെയ്യുന്നത്. പ്രസിഡന്റും സെക്രട്ടറിയുമൊക്കെയായി തികച്ചും ജനാധിപത്യ രീതിയിലായിരുന്നു കുട്ടിക്കൂട്ടത്തിന്റെ യോഗം. മിഠായിക്ക് ചെലവാക്കുന്ന പണം കൂട്ടിവെച്ച് പന്തും ജേഴ്‌സിയും വാങ്ങാനായിരുന്നു ഇവരുടെ തീരുമാനം. ആഴ്ചയില്‍ പത്ത് രൂപയാണ് ഒരാള്‍ ഇടേണ്ടത്. അതിനിടെ മികച്ച ഗോള്‍കീപ്പര്‍ക്ക് പൊന്നാട അണിയിക്കുന്ന ചടങ്ങും നടന്നു. എതിരഭിപ്രായമുള്ളവര്‍ പറയണമെന്നും പ്രസിഡന്റും സെക്രട്ടറിയും പറയുന്നുണ്ട്. മലയാളികള്‍ക്ക് ഗൃഹാതുരത്വം നല്‍കിയ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ടു ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com