അസമിലേക്ക് കടക്കാനുള്ള 'ഐപിഎസു'കാരന്റെ നീക്കം പൊളിച്ചത് ഡിഐജി ; ഒളിവുജീവിതം പാസഞ്ചര്‍ ട്രെയിനുകളില്‍ ; യുവതിയെ കബളിപ്പിച്ച് വിവാഹവും

അമ്മയ്ക്കു വേണ്ടി വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പിന് തുടക്കമിടുന്നതെന്ന് പൊലീസ്
അസമിലേക്ക് കടക്കാനുള്ള 'ഐപിഎസു'കാരന്റെ നീക്കം പൊളിച്ചത് ഡിഐജി ; ഒളിവുജീവിതം പാസഞ്ചര്‍ ട്രെയിനുകളില്‍ ; യുവതിയെ കബളിപ്പിച്ച് വിവാഹവും

തൃശൂര്‍ : ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് വന്‍ തട്ടിപ്പുനടത്തിയ വിപിന്‍ കാര്‍ത്തികിനെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് ബലപ്രയോഗത്തിലൂടെ. ഡിഐജി കെ സുരേന്ദ്രന് ലഭിച്ച നിര്‍ണായക സന്ദേശമാണ് വിപിന്റെ ഐപിഎസ് ജീവിതത്തിന് തിരശ്ശീലയിട്ടത്. ചിറ്റൂരില്‍ സുഹൃത്തില്‍ നിന്നും പണം വാങ്ങാനെത്തിയ വിപിനെ മഫ്തിയിലുള്ള പൊലീസ് സംഘം വളഞ്ഞു. അപകടം മനസ്സിലാക്കിയ വിപിന്‍ രക്ഷപ്പെടാനായി ഓടി. അരമണിക്കൂറോളം നീണ്ട ചേസിങ്. വഴികള്‍ പരിചയമില്ലാതിരുന്നത് വിപിന്റെ വേഗം കുറച്ചു. പൊലീസിന്റെ പിടിയില്‍ നിന്നും കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴടക്കി.

അസമിലേക്ക് കടക്കാന്‍ പണം തേടിയാണ് വിപിന്‍ സുഹൃത്തിനെ വിളിച്ചത്. ഇതിനായി 25,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം ഇയാള്‍ ഉടന്‍ തന്നെ ഡിഐജിയെ അറിയിച്ചു. ഡിഐജി സൈബര്‍ സെല്ലിനും അന്വേഷണസംഘത്തിനും വിവരം കൈമാറിയതോടെയാണ് വിപിന്‍ പൊലീസിന്റെ നിരീക്ഷണവലയത്തിലായത്. പണം കൈപ്പറ്റാന്‍ ചിറ്റൂരിലെത്താന്‍ ആവശ്യപ്പെടാനും ഡിഐജി സുഹൃത്തിനോട് നിര്‍ദേശിച്ചു. വരുന്ന കാറിന്റെ നമ്പര്‍ അടക്കം പറഞ്ഞതോടെ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായി.

വൈകീട്ട് ഏഴര മുതല്‍ പൊലീസ് വല വിരിച്ചെങ്കിലും രാത്രി പത്തരയോടെയാണ് വിപിന്‍ എത്തിയത്. തട്ടിപ്പുകേസില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞതോടെയാണ് വിപിന്‍ ഒളിവില്‍ പോയത്. വിവിധ പാസഞ്ചര്‍ ട്രെയിനുകളിലായിരുന്നു ഒളിവു ജിവിതം. കുളിയും പ്രാഥമിക കൃത്യങ്ങളുമെല്ലാം ട്രെയിനില്‍ തന്നെ. കോയമ്പത്തൂര്‍ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലൂടെ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര തുടര്‍ന്നു. ഇടയ്ക്കിടെ പുതിയ ഫോണും സിമ്മും സംഘടിപ്പിച്ചു. പരിചയക്കാരെ വിളിച്ച് പണം ആവശ്യപ്പെട്ടു.

കാല്‍ലക്ഷം രൂപ ആവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ച നമ്പറാണ് അങ്ങനെ പൊലീസിന് ലഭിച്ചത്. പുതിയ നമ്പര്‍ ലഭിച്ചതോടെ സൈബര്‍ പൊലീസ് സംഘം വിപിന്‍ നീക്കങ്ങള്‍ കൃത്യമായി അറിഞ്ഞു. അമ്മയ്ക്കു വേണ്ടി വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പിന് തുടക്കമിടുന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാജസീലുകളും ബ്രോഷറുകളും ലെറ്റര്‍പാഡുമെല്ലാം പ്രൊഫഷണല്‍ രീതിയില്‍ നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. പൊലീസുകാരെ വിരട്ടുകയും സല്യൂട്ട് അടിപ്പിക്കുകയുമായിരുന്നു പ്രധാന ഹോബി.

ഇതിനിടെ ഐപിഎസ് ഓഫീസറെന്ന് ഒരു യുവതിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹവും കഴിച്ചു. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെയാണ് പ്രണയവലയില്‍ കുരുക്കിയത്. ഇവര്‍ക്ക് ജോലി വാഗ്ദാനവും നല്‍കിയിരുന്നു. ബാങ്കുകളില്‍ നിന്നും യഥേഷ്ടം വായ്പ തരപ്പെടുത്തിയിരുന്നതിനാല്‍, പലയിടത്തും വായ്പ തിരിച്ചടവും കൃത്യമായി നടന്നു. ഇതോടെ സിബില്‍ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ന്നതായിരുന്നു. ഇതുവഴി കൂടുതല്‍ വായ്പ എടുക്കാനും കഴിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.

മുമ്പ് തട്ടിപ്പുകേസില്‍ നാലുമാസം കോഴിക്കോട് ജയിലില്‍ വിപിന്‍ കിടന്നിട്ടുണ്ട്. ഇന്‍ഫോ പാര്‍ക്കില്‍ ഓഫീസറാണെന്ന് പറഞ്ഞായിരുന്നു അന്ന് തട്ടിപ്പ്. തുടര്‍ന്നും മറ്റു പലകേസുകളിലായി രണ്ടുതവണ ജയിലില്‍ കിടന്നു. ജാമ്യമെടുത്തു മുങ്ങിയ കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്നു വിപിനെന്നും പൊലീസ് സൂചിപ്പിച്ചു. പ്രവേശനപരീക്ഷയില്‍ ഉയര്‍ന്ന റാങ്കോടെയാണ് എന്‍ഐടിയില്‍ എഞ്ചിനീയറിങ്ങിന് ചേര്‍ന്നത്. രണ്ടുവര്‍ഷം പഠിച്ചെങ്കിലും, ക്രിക്കറ്റ് കമ്പം പഠനം തുലച്ചു.

തുടര്‍ന്ന് ഹോട്ടല്‍ മാനേജ്‌മെന്റിന് ചേര്‍ന്നെങ്കിലും അവിടെയും പഠനം പൂര്‍ത്തിയാക്കാനായില്ല. ഇടയ്ക്ക് അമേരിക്കയിലേക്ക് കടക്കാനും ശ്രമിച്ചു. ഇതിന് ശേഷമാണ് തന്റെ ബുദ്ധിയും കഴിവും തട്ടിപ്പിലേക്ക് വിപിന്‍ തിരിച്ചുവിട്ടത്. 'ഐപിഎസ്' നേടി, അമ്മയ്‌ക്കൊപ്പം ബാങ്ക് തട്ടിപ്പില്‍ സ്‌പെഷലൈസ് ചെയ്തു. ജമ്മു കശ്മീരിലെ കുപ് വാര അതിര്‍ത്തി ജില്ലയിലെ ഐപിഎസ് ഓഫീസര്‍ സന്ദീപ് ചൗധരിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കാറിലും ബുള്ളറ്റിലും മാറിമാറി സഞ്ചരിച്ചിരുന്ന വിപിന്‍ പോക്കറ്റില്‍ ചെറിയ തോക്കും കരുതിയിരുന്നു.

ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താണ് ഐപിഎസുകാരുടെ വേഷം വിപിന്‍ അനുകരിച്ചത്. നഗരത്തിലെ മള്‍ട്ടി ജിംനേഷ്യത്തിലെത്തി വ്യായാമവും നടത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ വരുന്ന സമയം മനസ്സിലാക്കി ഒഴിഞ്ഞുമാറിയാണ് ഇയാള്‍ ജിമ്മിലെത്തിയിരുന്നതെന്നും പൊലീസ് സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com