അർധബോധാവസ്ഥയിൽ കഴുത്ത് ഞെരിച്ച് കൊന്നു; മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം

കയറോ തുണിയോ ഉപയോഗിച്ച് റിജോഷിനെ അര്‍ധബോധാവസ്ഥയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു
അർധബോധാവസ്ഥയിൽ കഴുത്ത് ഞെരിച്ച് കൊന്നു; മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം

ഇടുക്കി∙ ശാന്തന്‍പാറ പുത്തടി മൂല്ലൂർ വീട്ടിൽ റിജോഷിനെ കഴുത്ത് ഞെരിച്ച് കൊന്നെന്നു പ്രാഥമിക കണ്ടെത്തല്‍. ഇതിനായി കയറോ തുണിയോ ഉപയോഗിച്ചെന്നും പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്.  ഈ സമയത്ത് റിജോഷ് അര്‍ധബോധാവസ്ഥയിൽ ആയിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മൃതശരീരത്തിനു മൂന്ന് ദിവസത്തിലധികം പഴക്കമെന്നും റിപ്പോര്‍ട്ട്.

വ്യാഴാഴ്ചയാണ് ശാന്തന്‍പാറയിലെ ഫാം ഹൗസ് ജീവനക്കാരനായ റിജോഷിന്റെ മൃതദേഹം കണ്ടെടുത്തത്. കേസില്‍ റിസോര്‍ട്ട് മാനേജര്‍ വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ കണ്ടെത്താന്‍ പൊലീസ്  അന്വേഷണം ഊര്‍ജിതമാക്കി .ചൊവ്വാഴ്ച ഇരുവരും പാലായില്‍ എത്തിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പ്രതികൾ സംസ്ഥാനം വിട്ടുവെന്നാണ് പൊലീസ് നിഗമനം.

വസീമിന്റെ സ്വദേശമായ തൃശൂരിലും തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയത്തില്‍ അതിര്‍ത്തി മേഖലകളിലുമെല്ലാം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വസീമിന്റെ അനുജനും സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ വിവരങ്ങൾ ഇവരിൽ നിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

റിജോഷിന്റെ മൃതദേഹം പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽ നിന്നു കണ്ടെത്തിയതോടെ തൃശൂര്‍‍ ഇരിങ്ങാലക്കുട സ്വദേശിയായ ഫാം ഹൗസ് മാനേജര്‍ വസീമിന്റെ കുറ്റം ഏറ്റുപറഞ്ഞുള്ള വിഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. താനാണ് പ്രതിയെന്നും അനുജനെയും കൂട്ടൂകാരെയും വെറുതെ വിടണമെന്നുമായിരുന്നു വസീം വിഡിയോയിൽ പറഞ്ഞത്.

വസീമും ലിജിയുമായുള്ള  ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന. മദ്യപിക്കാറുള്ള റിജോഷിന് മദ്യപിക്കാത്ത വസീം  മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയിരുന്നതായി സമീപവാസികൾ പറഞ്ഞിരുന്നു. റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തവരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com