ന്യൂജെനായി വേണാട് എക്‌സ്പ്രസ് ; എല്‍എച്ച്ബി കോച്ചുകള്‍ ; പുഷ്ബാക്ക് സീറ്റുകളും ലഘുഭക്ഷണകൗണ്ടറും ; വരവേറ്റ് യാത്രക്കാര്‍

റെയില്‍വേയില്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണ് വേണാട് എക്‌സ്പ്രസ്
ന്യൂജെനായി വേണാട് എക്‌സ്പ്രസ് ; എല്‍എച്ച്ബി കോച്ചുകള്‍ ; പുഷ്ബാക്ക് സീറ്റുകളും ലഘുഭക്ഷണകൗണ്ടറും ; വരവേറ്റ് യാത്രക്കാര്‍

കൊച്ചി : കെട്ടിലും മട്ടിലും ന്യൂജെനായി കേരളത്തിന്റെ ജനപ്രിയ ട്രെയിന്‍ വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എല്‍എച്ച്ബി കോച്ചുകളുമായാണ് വേണാടിന്റെ യാത്ര. വിമാനത്തിന്റെ ഉള്‍വശം പോലെ മനോഹരം, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യം തുടങ്ങിയവ പുതിയ കോച്ചുകളെ സവിശേഷമാക്കുന്നു. റെയില്‍വേയില്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണ്, തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ ഓടുന്ന വേണാട് എക്‌സ്പ്രസ്.

ട്രെയിന്‍ എവിടെയെത്തിയെന്ന് അറിയിക്കുന്ന എല്‍ഇഡി ബോര്‍ഡ് എസി ചെയര്‍ കോച്ചില്‍ ഉടന്‍ സജ്ജമാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ശുചിമുറിയില്‍ ആളുണ്ടോയെന്നറിയാന്‍ വാതിലില്‍ തന്നെ ഇന്‍ഡിക്കേഷന്‍ തെളിയും. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സീറ്റിനരികില്‍ പ്ലഗ് പോയിന്റുകള്‍.സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രധാന്യം നല്‍കിയുള്ള പുത്തന്‍ കോച്ചുകള്‍ നിലവിലുള്ള കോച്ചുകളെക്കാള്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാവുന്ന രീതിയിലാണ്.

ഒരു എസി ചെയര്‍ കാര്‍, 15 സെക്കന്‍ഡ് ക്ലാസ് സിറ്റിങ്, 3 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, പാന്‍ട്രി കാര്‍, 2 ലഗേജ് കം-ബ്രേക്ക് വാന്‍ കോച്ചുകളുണ്ട്. ഹെഡ് ഓണ്‍ ജനറേഷന്‍ സാങ്കേതിക വിദ്യ വഴി ട്രെയിനിലെ ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നത് എന്‍ജിനില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്. പുഷ്ബാക് സംവിധാനമുള്ള സീറ്റുകളാണു ജനറല്‍ കോച്ചുകളിലുള്ളത്. ഒരു സെക്കന്‍ഡ് സിറ്റിങ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടറുണ്ടാകും.

ലഘുഭക്ഷണകൗണ്ടര്‍
ലഘുഭക്ഷണകൗണ്ടര്‍

ചെയര്‍ കാര്‍ അല്ലാത്ത 3 ജനറല്‍ കോച്ചുകളും വൈകാതെ ചെയര്‍ കാറാക്കി മാറ്റുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. പുത്യ ട്രെയിനിനെ സഹര്‍ഷം സ്വാഗതം ചെയ്ത സ്ഥിരം യാത്രക്കാര്‍ ആവശ്യപ്പെടുന്നത് ഇതുമാത്രമാണ്. സീറ്റുകള്‍ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. ട്രെയിന്‍ സമയനിഷ്ഠ പാലിക്കണം എന്നവയാണ് അഭ്യര്‍ത്ഥനകള്‍. 1972ല്‍ തുടങ്ങിയ വേണാട് എക്‌സ്പ്രസ് എണ്‍പതുകളില്‍ കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനായിരുന്നു. പിന്നീട് സുരക്ഷാകാരണങ്ങളാല്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com