'പുലിജന്‍മം' അവസാനിച്ചു; തൃശൂര്‍കാരുടെ ചാത്തുണ്ണി ആശാന്‍ വിടവാങ്ങി

അഞ്ച് പതിറ്റാണ്ടിലേറെ തൃശൂരിലെ പുലിക്കളി മഹോത്സവത്തില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ചാത്തുണ്ണിപ്പുലിയെന്ന ചാത്തുണ്ണി ആശാന്‍  വിടവാങ്ങി.
'പുലിജന്‍മം' അവസാനിച്ചു; തൃശൂര്‍കാരുടെ ചാത്തുണ്ണി ആശാന്‍ വിടവാങ്ങി

തൃശൂര്‍: അഞ്ച് പതിറ്റാണ്ടിലേറെ തൃശൂരിലെ പുലിക്കളി മഹോത്സവത്തില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ചാത്തുണ്ണിപ്പുലിയെന്ന ചാത്തുണ്ണി ആശാന്‍  വിടവാങ്ങി. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നു വിശ്രമ ജീവിതത്തിലായിരുന്നു. തൃശൂര്‍ ജില്ലയിലെ കല്ലൂരിലുള്ള മകന്റെ വീട്ടില്‍വച്ചായിരുന്നു അന്ത്യം.

2017 ല്‍ തൃശൂരില്‍ പുലികളി നടക്കുന്നതിനിടെ വീണു കാലിനു പരുക്കേറ്റിരുന്നു. അതിനുശേഷം പിന്നീട് പുലിവേഷം കെട്ടിയിട്ടില്ല. ഇത്തവണ പുലിവേഷം കെട്ടണമെന്ന് ആഗ്രഹിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാള്‍ സാധിച്ചില്ല. 2018 ല്‍ പ്രളയത്തെ തുടര്‍ന്നു പുലികളി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

പതിനാറാം വയസിളലാണ് ചാത്തുണ്ണി ആദ്യമായി പുലിവേഷം കെട്ടിയത്. കൂടുതല്‍ തവണ പുലിവേഷമിട്ടും പുലികളുടെ കാരണവരായും ചാത്തുണ്ണി ആശാന്‍ റെക്കോര്‍ഡിട്ടു. ചാത്തുണ്ണിയുടെ സ്ഥിരം പുലി വേഷം വരയന്‍ പുലിയുടേതായിരുന്നു. വയറുള്ളവര്‍ക്കും തടിയുള്ളവര്‍ക്കും മാത്രമല്ല, മെലിഞ്ഞവര്‍ക്കും പുലിക്കളി ആരാധകരെ നേടാന്‍ സാധിക്കുമെന്ന് ചാത്തുണ്ണി ആശാന്‍ തെളിയിച്ചു.

മറ്റു പുലികള്‍ കുടവയറും കുലുക്കി വരുമ്പോള്‍ ചാത്തുണ്ണിപ്പുലി മെലിഞ്ഞു, വയറൊട്ടിയ നിലയിലാണ് ചുവടുവയ്ക്കുക. ചാത്തുണ്ണി ആശാന്‍ പുലിവേഷം കെട്ടുന്നതിനും പ്രത്യേകതയുണ്ട്. 41 ദിവസത്തെ വ്രതമെടുത്ത്, മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചാണ് ചാത്തുണ്ണി ആശാന്‍ പുലിവേഷം കെട്ടാന്‍ എത്തുക. മറ്റു പുലികളെല്ലാം വയറില്‍ പുലിമുഖം വരയ്ക്കുമ്പോള്‍ ചാത്തുണ്ണി അതു വേണ്ടെന്നുവയ്ക്കും. പൂങ്കുന്നം ദേശത്തിന്റെ പുലിമടയില്‍ നിന്നാണ് ചാത്തുണ്ണി ആശാന്‍ വേഷം കെട്ടാന്‍ തുടങ്ങിയത്. പിന്നീട് നായ്ക്കനാല്‍ പുലികളി സമാജത്തിലെ അംഗമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com