'പെറ്റമ്മയ്ക്ക് ഇല്ലാത്ത ആശങ്ക വളര്‍ത്തമ്മയ്ക്ക് വേണ്ട'; മറുപടിയുമായി പി മോഹനന്‍

യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്റെയും താഹയുടെയും കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാമെടുത്തിട്ടില്ലെന്ന് പി മോഹനന്‍
'പെറ്റമ്മയ്ക്ക് ഇല്ലാത്ത ആശങ്ക വളര്‍ത്തമ്മയ്ക്ക് വേണ്ട'; മറുപടിയുമായി പി മോഹനന്‍

കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്റെയും താഹയുടെയും കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാമെടുത്തിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍.  പാര്‍ട്ടിക്ക് അന്വേഷിക്കാന്‍ അതിന്റേതായ സംവിധാനങ്ങളുണ്ടെന്നും ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പാര്‍ട്ടിക്ക് തീരുമാനം എടുക്കാനാവില്ല. സിപിഎം അംഗങ്ങളുടെ കാര്യത്തില്‍ 'പെറ്റമ്മയ്ക്കില്ലാത്ത ആശങ്ക വളര്‍ത്തമ്മയ്ക്ക് വേണ്ടെന്നും പി മോഹനന്‍ വ്യക്തമാക്കി.

അതേസമയം പാര്‍ട്ടി അംഗങ്ങളായ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ ഇടപെടേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വിദ്യാര്‍ഥികളെ പാര്‍ട്ടിയില്‍നിന്ന് ഉടന്‍ പുറത്താക്കില്ല. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയെ സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിരുന്നു.

മാവോയിസ്റ്റുകളുമായി വിദ്യാര്‍ഥികള്‍ക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടാണ് കോഴിക്കോട് ജില്ലാ കമ്മറ്റി നല്‍കിയത്. ഇത്തരം സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇരുവരും അത് മുഖവിലയ്‌ക്കെടുത്തില്ലെന്നും ജില്ലാ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ യുഎപിഎ ചുമത്തിയ നടപടിയെക്കുറിച്ച് യുഎപിഎ സമിതി പരിശോധിക്കട്ടെയെന്നും സെക്രട്ടേറിയറ്റ് നിലപാടെടുത്തു.

യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ക്ക് എതിരാണ് പാര്‍ട്ടിയെങ്കിലും ഇത്തരം കേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇടപെടാന്‍ സാധിക്കും. അത്തരമൊരു ഇടപെടലുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ മാവോവാദികള്‍ക്ക് പിന്തുണ നല്‍കുന്നെന്ന പ്രാചാരണമുണ്ടാകുമെന്നും നേതാക്കള്‍ വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com