ശാന്തന്‍പാറ റിജോഷ് കൊലപാതകം: ഭാര്യയും റിസോര്‍ട്ട് മാനേജറും വിഷം കഴിച്ച നിലയില്‍, ഗുരുതരാവസ്ഥയില്‍; രണ്ടര വയസ്സുളള മകള്‍ മരിച്ചു

ശാന്തന്‍പാറ റിജോഷ് കൊലപാതകത്തില്‍ പ്രതികളെ മുംബൈയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
ശാന്തന്‍പാറ റിജോഷ് കൊലപാതകം: ഭാര്യയും റിസോര്‍ട്ട് മാനേജറും വിഷം കഴിച്ച നിലയില്‍, ഗുരുതരാവസ്ഥയില്‍; രണ്ടര വയസ്സുളള മകള്‍ മരിച്ചു

ഇടുക്കി: ശാന്തന്‍പാറ റിജോഷ് കൊലപാതകത്തില്‍ പ്രതികളെ മുംബൈയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.റിജോഷിന്റെ ഭാര്യ ലിജിയെയും കാമുകനും റിജോഷിന്റെ സുഹൃത്തുമായ റിസോര്‍ട്ട് മാനേജര്‍ വസീമിനെയും ഗുരുതരാവസ്ഥയില്‍ പനവേല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസ്സുളള മകള്‍ മരിച്ചു. 

റിജോഷ് കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താനുളള ശ്രമം തുടരുന്നതിനിടെയാണ് സംഭവം.പുത്തടിയില്‍ മുല്ലൂര്‍ വീട്ടില്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് റിജോഷിന്റെ ഭാര്യ ലിജിയും വസീമും.വ്യക്തമായ ആസൂത്രണത്തോടെയാണ് ഇരുവരും റിജോഷിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. റിജോഷിനെ കൊലപ്പെടുത്തി വീടിന്റെ സമീപത്തുള്ള റിസോര്‍ട്ട് വളപ്പില്‍ തന്നെ ചാക്കില്‍ കെട്ടി കുഴിച്ചിടുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.

നേരത്തെ കേസില്‍ വസീം കുറ്റം സമ്മതിച്ചിരുന്നു. പൊലീസിന് അയച്ച വീഡിയോ സന്ദേശത്തിലാണ് വസീമിന്റെ കുറ്റം ഏറ്റുപറച്ചില്‍. കൊല നടത്തിയത് താന്‍ മാത്രമാണെന്നും മറ്റാര്‍ക്കും കൃത്യത്തില്‍ പങ്കില്ലെന്നും, അനിയനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും വസീം വീഡിയോയില്‍ പറയുന്നുണ്ട്.

റിജോഷിന്റെ തിരോധാനത്തിനു ശേഷം റിജോഷിന്റെ ഭാര്യ ലിജിയോടോപ്പം റിസോര്‍ട്ട് മാനേജറെയും കാണാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ശാന്തന്‍പാറ പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്.  പുത്തടി മഷ്‌റൂം ഹട്ട് റിസോര്‍ട്ടിന്റെ സമീപത്താണു മൃതദേഹം കുഴിച്ചിട്ടിരുന്നത്. റിസോര്‍ട്ട് വളപ്പില്‍ ചെറിയ കുഴിയില്‍ ഒരു ചത്ത പശുവിനെ കുഴിച്ചിട്ടിരുന്നതായും അതില്‍ നിന്നു ദുര്‍ഗന്ധം വരുന്നതിനാല്‍ കുറച്ചു മണ്ണിട്ടു മൂടണമെന്നു ഫോണിലൂടെ സമീപവാസിയായ ജെസിബി  ഡ്രൈവര്‍ക്ക്‌ വസീം നിര്‍ദേശം നല്‍കിയിരുന്നു.

ജെസിബി ഡ്രൈവര്‍ക്ക്‌ റിസോര്‍ട്ടിലെത്തി മുഴുവന്‍ മൂടാത്ത കുഴി കണ്ട് അത് കൂടുതല്‍ മണ്ണിട്ടു നികത്തുകയും ചെയ്തതായി പൊലീസിനു മൊഴി നല്‍കിയിരുന്നു. റിജോഷിനെ കാണാനില്ലെന്നു പരാതി കിട്ടിയതിനെ തുടര്‍ന്നു സംശയം തോന്നിയ പൊലീസ് സ്ഥലത്തെത്തി മണ്ണു നീക്കിയതോടെയാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

താന്‍ കുഴി ഒരിക്കല്‍ മൂടിയതാണെന്നും വൃത്തിയായി മൂടുന്നതിനു വേണ്ടിയാണ് വിളിച്ചതെന്നും പറഞ്ഞതിനാല്‍ സംശയം തോന്നിയില്ലെന്നും മൃതശരീരം കാണുകയോ അതിനെ കുറിച്ച് യാതൊരു വിധത്തിലുള്ള സൂചനകളോ തനിക്കു ലഭിച്ചിരുന്നില്ലെന്നുമാണ് ജെസിബി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com