എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കുളിമുറിയില്‍ മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ 

സിഇടി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കുളിമുറിയില്‍ മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ 

തിരുവനന്തപുരം : സിഇടി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. വിദ്യാര്‍ത്ഥിയെ കുളിമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം ഇന്‍ക്വസ്റ്റ് നടപടികള്‍ അല്‍പസമയത്തിനകം നടക്കും. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ് എത്തിയെങ്കിലും വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

തിരുവനന്തപുരം സിഇടിയിലെ ഒന്നാംവര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഉള്ളൂര്‍ നീരാഴി ലെയ്‌നില്‍ സരസ്സ് വീട്ടില്‍ താമസിക്കുന്ന നെയ്യാറ്റിന്‍കര 'വിശാഖ'ത്തില്‍ രതീഷ് കുമാറി(19)നെയാണ് കോളജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ക്കൊപ്പം സുഹൃത്തുക്കളും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

കോളജ് കാമ്പസില്‍ കാര്യക്ഷമമായ പരിശോധന നടത്തിയില്ല എന്ന ആരോപണവുമുണ്ട്. കോളജിലെ സെക്യൂരിറ്റി ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്.രതീഷിനെ കാണാനില്ലെന്നു കാട്ടി അമ്മയുടെ സഹോദരി ഗിരിജ വെള്ളിയാഴ്ച ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമ്മ മരിച്ച രതീഷ്‌കുമാര്‍ ഗിരിജയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ 9 മണിയോടെ ഗിരിജയ്‌ക്കൊപ്പം രതീഷ് കോളേജിലെത്തിയിരുന്നു.

പരീക്ഷ അവസാനിക്കുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുന്‍പ് ക്ലാസില്‍നിന്നു പോയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രതീഷിനെ കൂട്ടിക്കൊണ്ടുപോകാന്‍ ഗിരിജ എത്തിയപ്പോഴാണ് ഇയാളെ കാണാതായെന്നറിഞ്ഞത്. വിദ്യാര്‍ഥികള്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കോളജിലെ ശുചിമുറി ഉള്ളില്‍നിന്ന് പൂട്ടിയിരിക്കുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാര്‍ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്.

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഗിരിജയുടെ പരാതിയെത്തുടര്‍ന്ന് ശ്രീകാര്യം എസ്‌ഐ സജുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും വെള്ളിയാഴ്ച കോളജില്‍ പരിശോധന നടത്തിയിരുന്നു. രതീഷിന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കോളജിന്റെ പ്രധാന കെട്ടിടത്തില്‍ കണ്ടെത്തിയെങ്കിലും മറ്റു വിവരമൊന്നും കിട്ടിയിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com