പൊലീസിന്റെ 'മിന്നലാക്രമണം'; പുലര്‍ച്ചെ 120 വീടുകളില്‍ ഒരേസമയം പരിശോധന, 18 ഓഫീസര്‍മാര്‍, 18 വാഹനങ്ങള്‍; പരിഭ്രാന്തിയോടെ നാട്ടുകാര്‍

മഞ്ചേശ്വരത്ത് പുലര്‍ച്ചെ സിനിമകളില്‍ കാണുന്ന പോലെ തലങ്ങും വിലങ്ങും പൊലീസ് ജീപ്പുകള്‍ പായുന്നത് കണ്ടും കേട്ടും എത്തിയ നാട്ടുകാര്‍ കാര്യം അന്വേഷിച്ച് പുറത്തിറങ്ങി
പൊലീസിന്റെ 'മിന്നലാക്രമണം'; പുലര്‍ച്ചെ 120 വീടുകളില്‍ ഒരേസമയം പരിശോധന, 18 ഓഫീസര്‍മാര്‍, 18 വാഹനങ്ങള്‍; പരിഭ്രാന്തിയോടെ നാട്ടുകാര്‍

കാസര്‍കോട്: വിവിധ കേസുകളിലെ പ്രതികളെ തേടിയുളള പൊലീസ് അന്വേഷണം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. മഞ്ചേശ്വരത്ത് പുലര്‍ച്ചെ സിനിമകളില്‍ കാണുന്ന പോലെ തലങ്ങും വിലങ്ങും പൊലീസ് ജീപ്പുകള്‍ പായുന്നത് കണ്ടും കേട്ടും എത്തിയ നാട്ടുകാര്‍ കാര്യം അന്വേഷിച്ച് പുറത്തിറങ്ങി. 2 മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് വിവരം നാട്ടുകാര്‍ക്കു മനസ്സിലായത്.

മഞ്ചേശ്വരം സ്‌റ്റേഷന്‍ പരിധിയിലെ വിവിധ കേസുകളിലെ പ്രതികളെ തേടിയുള്ള പൊലീസ് ഓപ്പറേഷന്‍ ആയിരുന്നു അത്. 120 വീടുകളില്‍ ഒരേസമയം പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘം 10 പ്രതികളെ കുടുക്കി. പലരും പൊലീസ് എത്തുന്നതു കണ്ട് ഓടി രക്ഷപ്പെട്ടു. പരിശോധനയ്ക്ക് പൊലീസ് എത്തിയത് അറിഞ്ഞ് പലരും പിന്നീട് കോടതിയില്‍ ഹാജരായി. വെടിവയ്പ് കേസുകളിലെ പ്രതികള്‍ വരെയുണ്ടായിരുന്നു പൊലീസ് അന്വേഷിച്ച് എത്തിയവരുടെ കൂട്ടത്തില്‍.

പുലര്‍ച്ചെ 5.30ന് ആരംഭിച്ച പരിശോധന 7.30ന് അവസാനിപ്പിച്ചു. ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തില്‍ സബ് ഡിവിഷന്‍ പരിധിയിലെ സിഐ, എസ്‌ഐ, വനിത പൊലീസ് തുടങ്ങിയവര്‍ ഉള്‍പ്പെടെ മൂന്നൂറോളം പേരാണ് പരിശോധനയില്‍ പങ്കെടുത്തത്. 18 ഓഫീസര്‍മാരും 18 വാഹനങ്ങളുമാണ് പരിശോധനയില്‍ പങ്കെടുത്തത്. 

പരിശോധന വിവരം ചോര്‍ന്നു പോകാതിരിക്കാന്‍ ഡിവിഷന്‍ പരിധിയിലെ സിഐ, എസ്‌ഐ ഉള്‍പ്പെടെയുള്ള ഓഫിസര്‍മാരോട് രാവിലെ 5നു മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷനിലെത്താനായിരുന്നു തലേന്ന് ഡിവൈഎസ്പി നിര്‍ദേശിച്ചത്. അതുപ്രകാരം സന്നാഹങ്ങളുമായി ഓഫിസര്‍മാരെത്തി. പിന്നീട് ഓരോ സംഘത്തിനു പ്രതികളുടെ പേരും മേല്‍വിലാസവും എഴുതിയ കുറിപ്പ് നല്‍കി. തുടര്‍ന്നായിരുന്നു പരിശോധന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com