വാളയാർ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും
വാളയാർ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

പാലക്കാട്: വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും. 
സാക്ഷ്യപ്പെടുത്തിയ വിധി പകർപ്പ് ലഭിച്ചതിനാൽ നാളെത്തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. കെപിഎംഎസ് ഏർപ്പെടുത്തിയ അഭിഭാഷകർ മുഖേനയാണ് കുടുംബം നിയമപരമായി നീങ്ങുന്നത്. 

കേസിലെ നാല് പ്രതികളെയും വെറുതെ വിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും പെൺകുട്ടികളുടെ മരണം ഉൾപ്പെടെ സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും കുടുംബത്തിന് പരാതിയുണ്ട്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ എല്ലാ സഹായവും നൽകുമെന്നാണ് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താത്പര്യ ഹർജി കഴിഞ്ഞ ആഴ്ച ഹൈക്കോടതി തള്ളിയിരുന്നു.  ബന്ധുക്കൾക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കോ  സമീപിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

പോക്സോ കോടതി വിധിയ്ക്കെതിരെ  അപ്പീൽ പോകാനാണ് സർക്കാർ തീരുമാനമെങ്കിലും ഇക്കാര്യത്തിൽ നടപടികൾ വൈകുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ഒക്ടോബർ 25 നാണ് പ്രതികളെ വെറുതെ വിട്ട് പാലക്കാട് പോക്സോ കോടതിയുടെ വിധി ഉണ്ടായത്. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വാളയാർ ആക്ഷൻ കൗൺസിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com