കിഫ്ബിയിൽ ഒരു 'രാക്ഷസൻ' ഉണ്ട് , അയാൾ ബകൻ ഭക്ഷണം കാത്തിരിക്കുന്നതുപോലെ; രൂക്ഷവിമർശനവുമായി മന്ത്രി സുധാകരൻ

എല്ലാദിവസവും പിടിച്ചുവെക്കാൻ അയാൾക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യൻ അവിടെയിരിക്കുന്നതെന്നും മന്ത്രി
കിഫ്ബിയിൽ ഒരു 'രാക്ഷസൻ' ഉണ്ട് , അയാൾ ബകൻ ഭക്ഷണം കാത്തിരിക്കുന്നതുപോലെ; രൂക്ഷവിമർശനവുമായി മന്ത്രി സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി) നെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ജി സുധാകരൻ. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി നടത്തിപ്പിനു പോലും തടസ്സമാകുംവിധം കിഫ്ബി ഉദ്യോഗസ്ഥർ പെരുമാറുന്നുവെന്നാണ് മന്ത്രിയുടെ വിമർശനം. കിഫ്ബിയിലെ ചീഫ് ടെക്‌നിക്കൽ എക്സാമിനർ ‘രാക്ഷസനെ’പ്പോലെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാരുടെ സമ്മേളനം ‘എൻജിനിയേഴ്‌സ് കോൺഗ്രസ്’ ഉദ്ഘാടനംചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാർ എന്ത് റിപ്പോർട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥർ അതുവെട്ടും. ധനവകുപ്പിൽ ഫയൽ പിടിച്ചുവെക്കും. ഇക്കാര്യം ധനമന്ത്രിയോടു പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരേ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്ന ഘട്ടത്തിലാണ് മന്ത്രിയുടെ ഈ പരാമർശം.

പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്തുകൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്‌നിക്കൽ എക്സാമിനർ അത് വെട്ടും. അയാൾ ഒരു രാക്ഷസനാണ്. അയാൾ ബകൻ ഭക്ഷണം കാത്തിരിക്കുന്നതുപോലെയാണ്. എല്ലാദിവസവും പിടിച്ചുവെക്കാൻ അയാൾക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യൻ അവിടെയിരിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

ചീഫ് എൻജിനിയർ കൊടുക്കുന്ന കാര്യങ്ങൾ പരിശോധിക്കുന്നത് കിഫ്ബിയിലെ എക്‌സിക്യുട്ടീവ് എൻജിനിയറായ  ചീഫ് ടെക്‌നിക്കൽ എക്സാമിനർ ആണ്. ലോകത്തെവിടെയെങ്കിലും ഇതുപൊലെ ബാലിശമായ നിയമമുണ്ടോയെന്നും മന്ത്രി ചോദിച്ചു. കിഫ്ബിയിൽ  ചീഫ് ടെക്‌നിക്കൽ എക്സാമിനർ ആയി ചീഫ് എൻജിനിയറെ നിയമിക്കാൻ ധനവകുപ്പ് തയ്യാറാവണം. ഇത് ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ എന്നേ മെച്ചപ്പെടുമായിരുന്നുവെന്നും സുദാകരൻ പറഞ്ഞു.

നിർമാണവും അറ്റകുറ്റപ്പണിയും കിഫ്ബിയെ ഏൽപ്പിച്ചതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനല്ല. കിഫ്ബിയിൽ ആവശ്യമുള്ള എൻജിനിയറെ നിയമിക്കണം. റോഡ് വിട്ടുകൊടുക്കാം. എല്ലാകാര്യവും അവർ നോക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കരാറുകാരുടെ പട്ടിക ശുദ്ധീകരിക്കണം. കരാറുകാർ മികവുറ്റവരാകാൻ നിർദേശങ്ങൾ സമർപ്പിച്ചാൽ സർക്കാർ അതിന് അംഗീകാരം നൽകും.

സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പിന് പിശുക്കുണ്ട്. കയർ ജിയോ ടെക്‌സ്റ്റൈൽ എന്നിവയൊന്നും റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നില്ല. കയർ ഭൂവസ്ത്രം തയ്യാറാക്കിവെച്ചിട്ടും ഉപയോഗിക്കുന്നില്ല. റോഡിനെക്കുറിച്ച് പരാതികൾ വ്യാപകമാണ്. എറണാകുളത്ത് ഹൈക്കോടതി ജഡ്ജി പറഞ്ഞാലേ കേൾക്കു എന്നതാണ് അവസ്ഥ. എത്ര അറ്റകുറ്റപ്പണി ചെയ്താലും പരിഹരിക്കാനാകാത്ത സ്ഥലങ്ങളിൽ ടൈൽസ് ഇടണം. ശബരിമല റോഡ് മണ്ഡലകാലം തുടങ്ങുംമുമ്പ് പൂർത്തിയാക്കും. ചില പരാതികളുയർന്നിട്ടുണ്ട്. അതിൽ ചീഫ് എൻജിനിയറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത വികസനത്തിൽ കേരളം വലിയ അവഗണനയാണ് നേരിടുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നിലപാട് പോസീറ്റീവാണ്. പക്ഷേ, ഉദ്യോഗസ്ഥർ അങ്ങനെയല്ല. ദേശീയപാത വികസനം ഈ സർക്കാരിന്റെ കാലത്ത് പൂർത്തിയാകില്ല. 2016-ൽ കേന്ദ്രം പണം തന്നിരുന്നെങ്കിൽ ഇപ്പോൾ തീരുമാനമാകുമായിരുന്നുവെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. അതേസമയം കിഫ്ബിയെക്കുറിച്ച് മന്ത്രി ജി സുധാകരൻ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്  അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com