കെ ആര്‍ പ്രേംകുമാര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി ; തൃക്കാക്കര ആവര്‍ത്തിക്കുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്

ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് തൃക്കാക്കര ആവര്‍ത്തിക്കാന്‍ ഇടയാക്കുമോ എന്ന് കോണ്‍ഗ്രസില്‍ ആശങ്കയുണ്ട്
കെ ആര്‍ പ്രേംകുമാര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി ; തൃക്കാക്കര ആവര്‍ത്തിക്കുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്

കൊച്ചി : എംഎല്‍എയായി വിജയിച്ചതിനെത്തുടര്‍ന്ന് ടി ജെ വിനോദ് രാജിവെച്ച ഒഴിവിലേക്ക് കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയിയായി കോണ്‍ഗ്രസിന്റെ കെ ആര്‍ പ്രേംകുമാര്‍ മല്‍സരിക്കും. പള്ളുരുത്തി കോണം ഡിവിഷന്‍ കൗണ്‍സിലറാണ് പ്രേംകുമാര്‍. ബുധനാഴ്ചയാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മറ്റ് പേരുകളൊന്നും ഉയര്‍ന്നുവന്നില്ല.

കോണ്‍ഗ്രസ് ഗ്രൂപ്പ് നില അനുസരിച്ച് ഐ ഗ്രൂപ്പിനാണ് ഡെപ്യൂട്ടി മേയര്‍ പദവി. ഡിസിസി പ്രസിഡന്റ് കൂടിയായ ടി ജെ വിനോദാണ് പ്രേംകുമാറിന്റെ പേര് നിര്‍ദേശിച്ചത്. മേയറെ മാറ്റുന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായില്ല. പ്രശ്‌നം രാഷ്ട്രീയകാര്യ സമിതിയുടെ പരിഗണനയിലായതിനാല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ടി ജെ വിനോദ് യോഗത്തില്‍ വ്യക്തമാക്കി.

അതേസമയം ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് തൃക്കാക്കര ആവര്‍ത്തിക്കാന്‍ ഇടയാക്കുമോ എന്ന് കോണ്‍ഗ്രസില്‍ ആശങ്കയുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണം ലഭിച്ചിരുന്നു. മേയര്‍ സൗമിനി ജെയിനെ മാറ്റിയാല്‍ കോണ്‍ഗ്രസിന് പിന്തുണ പിന്‍വലിക്കുമെന്ന് കൊണ്‍സിലര്‍മാരായ ജോസ് മേരിയും ഗീത പ്രഭാകരനും വ്യക്തമാക്കിയിരുന്നു. സിപിഎം നേതാവ് കെ ജെ ആന്റണി എല്‍ഡിഎഫിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി ആകുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com