ബസ് മാറി കയറി, സ്റ്റോപില്‍ നിര്‍ത്താതെ 12കാരായ വിദ്യാര്‍ത്ഥികളെ 10 കിലോമീറ്റര്‍ അകലെ ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരേ കേസ്

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനാണ് പറവൂരില്‍ നിന്ന് ആലുവയ്ക്ക് ടൗണ്‍ ടു ടൗണ്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസില്‍ കുട്ടികള്‍ മാറി കയറിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; ബസ് മാറി കയറിയ 12 വയസ് മാത്രം പ്രായമുള്ള കുട്ടികളെ അവര്‍ക്ക് ഇറങ്ങേണ്ടിയിരുന്ന സ്റ്റോപ്പില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ഇറക്കിവിട്ടു. പറവൂര്‍- ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവമുണ്ടായത്. കുട്ടികളുടെ അച്ഛന്റെ പരാതിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ബസ് കണ്ടക്ടര്‍ക്കെതിരേ കേസെടുത്തു. 

നവംബര്‍ ഏഴിനാണ് സംഭവമുണ്ടായത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനാണ് പറവൂരില്‍ നിന്ന് ആലുവയ്ക്ക് ടൗണ്‍ ടു ടൗണ്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസില്‍ കുട്ടികള്‍ മാറി കയറിയത്. എന്നാല്‍ ഈ ബസ് മനക്കപ്പടിയില്‍ നിര്‍ത്തില്ല എന്ന് കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. തിരിച്ചു വരാനുള്ള വഴിയോ കുട്ടികളുടെ കൈയില്‍ പണമോ ഉണ്ടായിരുന്നില്ല. എത്ര അപേക്ഷിച്ചിട്ടും കണ്ടക്ടര്‍ കുട്ടികളെ അവരുടെ സ്റ്റോപില്‍ ഇറങ്ങാന്‍ സമ്മതിച്ചില്ല എന്നാണ് കുട്ടികളുടെ ഒരാളുടെ പിതാവ് മുരളീധരന്‍ പറയുന്നത്. 

സ്റ്റോപ്പില്‍ നിര്‍ത്തില്ലെന്ന് അറിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ പേടിച്ച് ബസിലെ സഹയാത്രികന്റെ ഫോണില്‍ നിന്ന് അച്ഛനെ വിളിച്ചു. കുട്ടികള്‍ പേടിച്ചു നില്‍ക്കുകയാണെന്ന് മനസിലാക്കി അവരെ സ്റ്റോപില്‍ ഇറക്കണമെന്ന് താന്‍ കണ്ടക്ടറോട് അപേക്ഷിച്ചെന്നും എന്നാല്‍ ഇത് സമ്മതിക്കാതെ പത്ത് കിലോമീറ്റര്‍ അകലെയുള്ള പറവൂര്‍ കവലയിലാണ് ബസ് നിര്‍ത്തിയത് എന്നും മുരളീധരന്‍ പറഞ്ഞു. ബസില്‍ തിരക്കുണ്ടായിരുന്നില്ല. കുട്ടികളുടെ പ്രായമെങ്കിലും കണക്കിലെടുത്ത് കണ്ടക്ടര്‍ക്ക് മനക്കപ്പടിയില്‍ ബസ് നിര്‍ത്താമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇരുട്ടാവാന്‍ തുടങ്ങിയിരുന്നതിനാല്‍ കുട്ടികള്‍ വല്ലാതെ പേടിച്ചിരുന്നെന്നും അതിനാലാണ് ഈ അനീതിയെക്കുറിച്ച് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതെന്നുമാണ് മുരളീധരന്‍ പറയുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ജില്ലാ ട്രാസ്‌പോര്‍ട്ട് ഓഫിസര്‍, കെഎസ്ആര്‍ടിസി എംഡി, ആര്‍ടിഒ, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം എന്‍ പി ആന്റണി പറഞ്ഞു. 

കുട്ടികളുടെ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും ഇത് ലംഘിക്കപ്പെട്ടതായി കണ്ടെത്തിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കെഎസ്ആര്‍ടിസിയും അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com