ബിജെപിയെ എതിര്‍ക്കുക പ്രധാനം; പവാറിന്റെ ഏതു തീരുമാനവും അംഗീകരിക്കും: എന്‍സിപി കേരള ഘടകം

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം എന്‍സിപി നാളെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി  ടി പി പീതാംബരന്‍ മാസ്റ്റര്‍
ബിജെപിയെ എതിര്‍ക്കുക പ്രധാനം; പവാറിന്റെ ഏതു തീരുമാനവും അംഗീകരിക്കും: എന്‍സിപി കേരള ഘടകം

തിരുവനന്തപുരം: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം എന്‍സിപി നാളെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി  ടി പി പീതാംബരന്‍ മാസ്റ്റര്‍. ബിജെപിയെ മാറ്റി നിര്‍ത്തുകയാണ് പ്രധാനം. ശിവസേന സര്‍ക്കാരില്‍ എന്‍സിപി ഭാഗമായാല്‍ എല്‍ഡിഎഫില്‍ സാഹചര്യം വിശദീകരിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ രൂപീകരണത്തിന് മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ശരദ് പവാര്‍ തന്നോട് അഭിപ്രായം ചോദിച്ചിരുന്നു. കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ് എന്‍സിപി. അതുകൊണ്ടു തന്നെ, മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണച്ചാല്‍ സാഹചര്യങ്ങള്‍ ഇടതുമുന്നണിയില്‍ ധരിപ്പിക്കും.  2004ലും കേരളത്തിലെ സഖ്യത്തിന് വിരുദ്ധമായി ദേശീയ തലത്തില്‍ എന്‍സിപി യുപിഎ സര്‍ക്കാരില്‍ ഭാഗമായിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

എന്‍സിപി ശിവസേന ചര്‍ച്ചയില്‍ അസ്വാഭാവികത ഇല്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപിയെ എതിര്‍ക്കുക എന്ന നയമാണ് എല്ലാ പാര്‍ട്ടികളും സ്വീകരിക്കുന്നത്. അത് തന്നെയാണ് എന്‍സിപിയുടേയും നയം. ശരദ് പവാറിന്റെ തീരുമാനം എന്തുതന്നെയായാലും അതിനെ പാര്‍ട്ടി അംഗീകരിക്കുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ എന്‍സിപി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.  മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാരുണ്ടാക്കിയാല്‍ പുറത്തു നിന്നു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ധാരണയായെന്നും വിവരമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com