അച്ഛനും അമ്മയും പോയി: ചുറ്റും സംഭവിക്കുന്നതെന്താണെന്ന് മനസിലാകാതെ ഇഷാനി, നൊമ്പരം

മരണവീട്ടിലെത്തുന്നവരെ വരവേറ്റത് ഇവരുടെ രണ്ടുവയസുകാരി മകളുടെ പകച്ചുള്ള നോട്ടവും കരച്ചിലുമാണ്.
അച്ഛനും അമ്മയും പോയി: ചുറ്റും സംഭവിക്കുന്നതെന്താണെന്ന് മനസിലാകാതെ ഇഷാനി, നൊമ്പരം

കൊല്ലം: കാറും കെഎസ്ആര്‍ടിസി വോള്‍വോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരുട്ടുകാല തിരുവോണത്തില്‍ ജനാര്‍ദനന്‍ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷന്‍ ഓവര്‍സീയറുമായ ജെ രാഹുല്‍ (28), ഭാര്യയും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സീയറുമായ സൗമ്യ (24) എന്നിവരാണു മരിച്ചത്. 

മരണവീട്ടിലെത്തുന്നവരെ വരവേറ്റത് ഇവരുടെ രണ്ടുവയസുകാരി മകളുടെ പകച്ചുള്ള നോട്ടവും കരച്ചിലുമാണ്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നു മയ്യനാട്ടേക്കു കാറില്‍ പോകുന്നതിനിടെ രണ്ടു വയസുള്ള മകള്‍ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏല്‍പ്പിച്ച ശേഷമായിരുന്നു ദമ്പതികളുടെ യാത്ര.

'ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയു' എന്ന മുത്തശ്ശിയുടെ ചോദ്യം അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കണ്ണിനെ ഈറനണിയിച്ചു. ആള്‍ക്കൂട്ടം കണ്ടു പകച്ചും പെട്ടിക്കുള്ളില്‍ അച്ഛനുമമ്മയും കിടക്കുന്നത് എന്തിനാണെന്ന് മനസിലാകാതെയും തന്നെ കണ്ടിട്ടും അവര്‍ എഴുന്നേറ്റുവരാത്തതെന്ന് അമ്പരന്നുമെല്ലാം ആ കുഞ്ഞ് ദുഃഖത്തിന്റെ പ്രതിഛായയായി അവിടെ നിന്നു. 

വിവാഹത്തില്‍ പങ്കെടുക്കാന്‍ രാവിലെ കാറില്‍ വീട്ടില്‍ നിന്നിറങ്ങിയ യുവ ദമ്പതികള്‍ നെയ്യാറ്റിന്‍കര ഊരൂട്ടുകാല'തിരുവോണ'ത്തില്‍ ജെ രാഹുലിന്റെയും ഭാര്യ അഞ്ചല്‍ സ്വദേശി സൗമ്യയുടെയും മൃതദേഹങ്ങള്‍ രാത്രി എട്ടരയോടെയാണ് ഊരൂട്ടുകാലായിലെ വീട്ടിലെത്തിച്ചത്. അപകടത്തിന്റെ ആഘാതത്തിലും അന്ധാളിപ്പിലും തകര്‍ന്ന നിലയിലായിരുന്നു ബന്ധുക്കള്‍ നൊമ്പരക്കാഴ്ചയായിരുന്നു രണ്ടു വയസില്‍ മാതാപിതാക്കളെ നഷ്ടമായ ഇഷാനി എല്ലാവര്‍ക്കും നൊമ്പരക്കാഴ്ചയായി. 

രാത്രി പത്തരയോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് മൃതദേഹങ്ങള്‍ സൗമ്യയുടെ വീട്ടിലേക്കു കൊണ്ടു പോകും. സംസ്‌കാരം ഇന്ന് അവിടെ നടക്കും. എംഎല്‍എമാരായ സികെ ഹരീന്ദ്രന്‍, കെ ആന്‍സലന്‍, എം വിന്‍സന്റ് നഗരസഭാധ്യക്ഷ ഡബ്ല്യുആര്‍ ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിആര്‍ സലൂജ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങി ഒട്ടെറേപ്പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ദേശീയപാതയില്‍ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കൊല്ലം ഭാഗത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നു പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഇരുവരുടെയും സംസ്‌കാരം ഇന്ന് 10ന് സൗമ്യയുടെ ആയൂരിലെ വീട്ടില്‍ നടക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com