ഇത് കുറ്റമാണെങ്കില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണം; ഹരീഷ് വാസുദേവനെ ജയിലില്‍ അടക്കണം'

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് എതിരായ ആരോപണങ്ങള്‍ അവസാനിക്കുന്നില്ല.
ഇത് കുറ്റമാണെങ്കില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണം; ഹരീഷ് വാസുദേവനെ ജയിലില്‍ അടക്കണം'

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് എതിരായ ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. അലന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് കോടതിയില്‍ ഹാജരാക്കിയ രേഖകളൊക്കെയും സംശയം ജനിപ്പിക്കുന്നവയാണെന്ന് റൂബിന്‍ ഡ്ക്രൂസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  'ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാവശ്യപ്പെടുന്ന ഒരു മീറ്റിംഗിനെക്കുറിച്ചുള്ള ഒരു നോട്ടീസ് ആണ് ഒരു തെളിവ്. (ഇത് യുഎപിഎ പ്രകാരം കേസെടുക്കാവുന്ന കുറ്റമാണെങ്കില്‍ അഡ്വ. ഹരീഷ് വാസുദേവനെ ഉടനെ ജയിലില്‍ അടയ്ക്കണം. ഗാഡ്ഗില്‍ കമ്മിറ്റി നടപ്പാക്കണം എന്നു പറഞ്ഞ് ഹരീഷ് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഷത്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചു.)- കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

നിങ്ങളവനെയൊരു മാവോയിസ്റ്റ് ആക്കരുത്!

അലനെ ഇന്നു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അവന്റെ കയ്യില്‍ നിന്ന് ഒരു കടലാസും പൊലീസ് പിടിച്ചെടുത്തിട്ടില്ല എന്നതിലും അവന്‍ മാവോയിസ്റ്റ് ആണെന്ന് പൊലീസിനോട് കുറ്റസമ്മതം നടത്തിയില്ല എന്നതിലും അവന്‍ ഉറച്ചു നില്ക്കുന്നു.

അലന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് കോടതിയില്‍ ഹാജരാക്കിയ രേഖകളൊക്കെയും സംശയം ജനിപ്പിക്കുന്നവയാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാവശ്യപ്പെടുന്ന ഒരു മീറ്റിംഗിനെക്കുറിച്ചുള്ള ഒരു നോട്ടീസ് ആണ് ഒരു തെളിവ്. (ഇത് യു എ പി എ പ്രകാരം കേസെടുക്കാവുന്ന കുറ്റമാണമെങ്കില്‍ അഡ്വ. ഹരീഷ് വാസുദേവനെ ഉടനെ ജയിലില്‍ അടയ്ക്കണം. ഗാഡ്ഗില്‍ കമ്മിറ്റി നടപ്പാക്കണം എന്നു പറഞ്ഞ് ഹരീഷ് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഷത്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചു.) മാവോയിസ്റ്റ് സംഘടനയുടെ ഒരു നോട്ടീസ്, സിപിഐ എം എല്‍ റെഡ് സ്റ്റാറിന്റെ ഒരു നോട്ടീസ്, (ഇവര്‍ ഒരു നിരോധിത സംഘടന അല്ല. കുഞ്ഞിക്കണാരന്‍ നേതാവായ ഒരു ചെറു ഗ്രൂപ്പ്.) യുക്തിവാദികളുടെയും ഫെമിനിസ്റ്റുകളുടെയും സംഘടനകളുടെ പേപ്പറുകള്‍ ഇവയാണ് അലന്റെ കയ്യില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് ആരോപിക്കുന്നത്.

ഇവയൊന്നും അച്ചടിച്ചവയല്ല. ഡിടിപി പ്രിന്റൌട്ടുകള്‍ ആണ്. ഏത് പൊലീസുകാരനും എപ്പോള്‍ വേണമെങ്കിലും ഉണ്ടാക്കാവുന്ന പ്രിന്റൌട്ടുകള്‍. മാവോവാദികളാണെങ്കിലും നോട്ടീസ് അച്ചടിക്കാതെ ഡിടിപി എടുത്ത് വിതരണം ചെയ്യുകയാണോ ചെയ്യുക?

പിന്നെ അലനെതിരെ പൊലീസ് പറയുന്നത് മാവോയിസ്റ്റ് ബന്ധം ഉണ്ട് എന്ന് കുറ്റസമ്മതം നടത്തി എന്നതാണ്. പൊലീസിന്റെ ഈ വര്‍ത്തമാനത്തിന് എത്ര വിലയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അത് അലന്‍ തന്നെ ആവര്‍ത്തിച്ചു നിഷേധിച്ചിട്ടുണ്ട്.

പിടിച്ചെടുത്തു എന്നു പറയുന്ന വസ്തുക്കളുടെ വിശദാംശങ്ങള്‍ എന്തൊക്കെ ആയാലും, ഒരു കാര്യം പറയാതിരിക്കാനാവില്ല. പൊലീസ് അമിതാധികാരം പ്രയോഗിക്കുകയാണ്. അലന് പരിചയമുള്ള എല്ലാ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്! എങ്ങനെയും തെളിവുണ്ടാക്കാന്‍ കേരളാ പോലീസിന്റെ സര്‍വശേഷിയും പ്രയോഗിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com