പ്രേംകുമാറോ, ആന്റണിയോ ? ; കൊച്ചിയിലെ ഡെപ്യൂട്ടി മേയറെ ഇന്നറിയാം

ടി ജെ വിനോദ് എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് പുതിയ ഡെപ്യൂട്ടി മേയറെ കണ്ടെത്തേണ്ടി വന്നത്
പ്രേംകുമാര്‍, കെ ജെ ആന്റണി
പ്രേംകുമാര്‍, കെ ജെ ആന്റണി

കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോണ്‍ഗ്രസിലെ കെ ആര്‍ പ്രേംകുമാറും സിപിഎമ്മിലെ കെ ജെ ആന്റണിയും തമ്മിലാണ് മല്‍സരം. ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദ് എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് പുതിയ ഡെപ്യൂട്ടി മേയറെ കണ്ടെത്തേണ്ടി വന്നത്.

രാവിലെ 11 നാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്. കളക്ടര്‍ എസ് സുഹാസാണ് വരണാധികാരി. എല്‍ഡിഎഫിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയെ ഇന്നലെ വൈകീട്ടോടെയാണ് തീരുമാനിച്ചത്. സിപിഎം പ്രതിനിധിയായ കെ ജെ ആന്റണി നിലവില്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവാണ്.

പള്ളുരുത്തി കോണം ഡിവിഷന്‍ കൗണ്‍സിലറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ആര്‍ പ്രേംകുമാര്‍. മേയര്‍ മാറ്റവുമായി ബന്ധപ്പെട്ട് മുന്നണിയിലും കോണ്‍ഗ്രസിലും ഉള്ള അതൃപ്തിയാണ് യുഡിഎഫ് ക്യാംപിനെ ആശങ്കപ്പെടുത്തുന്നത്. മേയര്‍ സൗമിനി ജെയിനെ മാറ്റണമെന്ന് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ശക്തമായി ആവശ്യമുന്നയിച്ച് രംഗത്തു വന്നിരുന്നു.

അതേസമയം സൗമിനിയെ മാറ്റിയാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുമെന്നാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗം അടക്കം എതാനും പേര്‍ സൂചിപ്പിക്കുന്നത്. യുഡിഎഫില്‍ ഇടഞ്ഞുനില്‍ക്കുന്ന കൗണ്‍സിലര്‍മാരായ ഗീത പ്രഭാകരനെയും ജോസ്‌മേരിയെയും മേയര്‍ സൗമിനി ജെയിന്‍ ഇന്നലെ ഇടപെട്ട് അനുനയിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സിപിഎം നേതാവായ കെജെ ആന്റണി മൂന്നാം തവണയാണ് മല്‍സരിക്കുന്നത്. ആര് ജയിച്ചാലും ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് പശ്ചിമകൊച്ചിയുടെ പ്രതിനിധി വരുമെന്ന പ്രത്യേകത കൂടിയുണ്ട്. കോര്‍പ്പറേഷനിലെ ആകെ 74 കൗണ്‍സിലര്‍മാരാണുള്ളത്. ഇതില്‍ യുഡിഎഫിന് 37 ഉം, എല്‍ഡിഎഫിന് 34 ഉം ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com