മുഖ്യമന്ത്രിക്ക് ഇനി ഓൺലൈനായി പരാതി നൽകാം ; തീർപ്പ് 21 ദിവസത്തിനകം

www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരാതി നൽകാവുന്നത്
മുഖ്യമന്ത്രിക്ക് ഇനി ഓൺലൈനായി പരാതി നൽകാം ; തീർപ്പ് 21 ദിവസത്തിനകം

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഇനി സെക്രട്ടേറിയറ്റ് പടിക്കൽ അനുവാദത്തിനായി കാത്തുകെട്ടി നിൽക്കേണ്ട. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഇനി ഓൺലൈനായി പരാതികൾ നൽകാം. www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പരാതി നൽകാവുന്നത്. പരിഹാരം പ്രതീക്ഷിച്ചുള്ള നീണ്ട കാത്തിരിപ്പിന് ഇതോടെ വിരാമമായി.

പരാതിപരിഹാരം ലക്ഷ്യമിട്ട് പന്ത്രണ്ടായിരത്തോളം സർക്കാർ ഓഫീസുകളെ ഈ ഓൺലൈൻ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അപേക്ഷ നൽകിയാലുടൻ പരാതിക്കാരന് അപേക്ഷാ നമ്പർ സഹിതമുള്ള വിവരങ്ങൾ എസ്എംഎസായി ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് പിന്നീട് അപേക്ഷയുടെ വിവരം അന്വേഷിക്കാനാകും.

സാധാരണ പരാതികൾ 21 ദിവസത്തിനകം തീർപ്പാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നിലവിൽ 898 ദിവസംവരെയാണ് ഇതിനായി എടുക്കുന്നത്. ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിച്ചാൽ 175 ദിവസമാണ് ഫയൽ തീർപ്പാക്കാനെടുത്തിരുന്നത്. ഇത് 22 ആയി കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.

പരാതിയിൽ തീർപ്പാകുന്നതുവരെ ഈ ഫയൽ ഓൺലൈൻ സംവിധാനത്തിലുണ്ടാകും. 0471 2517297 എന്ന നമ്പറിലും 0471 155300 എന്ന ടോൾഫ്രീ നമ്പറിലും വിവരങ്ങളറിയാം. സർക്കാർ അധികാരമേറ്റ ശേഷം 2,36,589 പരാതികൾ ലഭിച്ചതിൽ 1,65,936 എണ്ണം പരിഹരിച്ചു. 70,653 എണ്ണത്തിൽ നടപടി തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com