ശബരിമലയില്‍ സുരക്ഷയ്ക്കായി പതിനായിരം പൊലീസുകാര്‍; ജാഗ്രതയോടെ സര്‍ക്കാര്‍

അഞ്ചുഘട്ടങ്ങളിലായിട്ടാണ് ഇത്തവണത്തെ മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിന് പൊലീസ്‌ സുരക്ഷയൊരുക്കുന്നത്.
ശബരിമലയില്‍ സുരക്ഷയ്ക്കായി പതിനായിരം പൊലീസുകാര്‍; ജാഗ്രതയോടെ സര്‍ക്കാര്‍

തിരുവനന്തപുരം: തീര്‍ഥാടനകാലത്ത് ശബരിമലയിലും പരിസരപ്രദേശത്തും സുരക്ഷയ്ക്കായി 10,017 പൊലീസ്‌ ഉദ്യോഗസ്ഥരെ നിയോഗിക്കും. നവംബര്‍ 16നാണ് മണ്ഡലകാലം തുടങ്ങുന്നത്. അഞ്ചുഘട്ടങ്ങളിലായിട്ടാണ് ഇത്തവണത്തെ മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിന് പൊലീസ്‌ സുരക്ഷയൊരുക്കുന്നത്. ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോഓര്‍ഡിനേറ്റര്‍ ക്രമസമാധാനവിഭാഗം എഡിജിപി. ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ്. യുവതീപ്രവേശത്തിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി അടുത്ത ദിവസം തന്നെ വരും. ഇതും അയോധ്യവിധിയും മറ്റു കണക്കിലെടുത്താണ് കനത്ത സുരക്ഷയൊരുക്കുന്നത്.

എസ്പി., എഎസ്പി. തലത്തില്‍ 24 പേരും 112 ഡിവൈഎസ്പിമാരും 264 ഇന്‍സ്‌പെക്ടര്‍മാരും 1185 എസ്ഐ/എഎസ്ഐമാരും സുരക്ഷാ സംഘത്തിലുണ്ടാകും. 307 വനിതകള്‍ ഉള്‍പ്പെടെ 8402 സിവില്‍ പൊലീസ്‌
ഓഫീസര്‍മാരും സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍മാരും സുരക്ഷയ്‌ക്കെത്തും. വനിതാ ഇന്‍സ്‌പെക്ടര്‍, എസ്ഐ. തലത്തില്‍ 30 പേരെയും നിയോഗിച്ചിട്ടുണ്ട്.

ഒന്നാംഘട്ടത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പേര്‍ സുരക്ഷയ്ക്കുണ്ടാവും. ഇവരില്‍ മൂന്നുപേര്‍ എസ്പി. തലത്തിലുള്ള പൊലീസ്‌കണ്‍ട്രോളര്‍മാരും രണ്ട് പേര്‍ എഎസ്പി. തലത്തിലുള്ള അഡീഷണല്‍ പൊലീസ്‌കണ്‍ട്രോളര്‍മാരുമാണ്. കൂടാതെ, ഡിവൈഎസ്പി റാങ്കിലുള്ള 23 പേരുമെത്തും. രണ്ടാംഘട്ടത്തില്‍ 2539 പേരുണ്ടാകും. മൂന്നാംഘട്ടത്തില്‍ 2992 പേരും നാലാംഘട്ടത്തില്‍ 3077 പേരും ശബരിമലയിലും പരിസരങ്ങളിലുമായി സുരക്ഷയ്‌ക്കെത്തും. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലായി 1560 സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com