സജിതാ മഠത്തിലിനെതിരെ സൈബര്‍ ആക്രമണം; കര്‍ശന നടപടിയെന്ന് വനിതാ കമ്മീഷന്‍

കഴിഞ്ഞ എട്ടാം തീയതിയായിരുന്നു സജിത വനിതാ കമ്മീഷന് പരാതി നല്‍കിയത്.
സജിതാ മഠത്തിലിനെതിരെ സൈബര്‍ ആക്രമണം; കര്‍ശന നടപടിയെന്ന് വനിതാ കമ്മീഷന്‍

കൊച്ചി: നടി സജിത മഠത്തിലിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സജിതാ മഠത്തില്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടിയുമായി വനിതാ കമ്മീഷന്‍ രംഗത്തെത്തിയത്. 

എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനുമാണ് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബര്‍ കുറ്റകൃത്യമായതിനാല്‍ വനിതാ കമ്മീഷനിടപെടാനുള്ള പരിമിതി പരിഗണിച്ചാണ് പൊലീസിന് കൈമാറിയത്.

കഴിഞ്ഞ എട്ടാം തീയതിയായിരുന്നു സജിത വനിതാ കമ്മീഷന് പരാതി നല്‍കിയത്. തുടര്‍ന്ന് മൂന്ന് ദിവസം കഴിഞ്ഞും നടപടിയെടുക്കാതെ വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിക്കൊപ്പം തന്നെ തേജോവധം ചെയ്യുന്ന തരത്തിലുള്ള വീഡിയോ ചെയ്ത ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ലിങ്കും കൈമാറിയിട്ടുണ്ടായിരുന്നു.  

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ് സജിതാ മഠത്തിലിന്റെ സഹോദരീപുത്രനാണ്. വിഷയത്തില്‍ പരസ്യപ്രതികരണവുമായി സജിത മഠത്തില്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് തനിക്കെതിരെ സൈബറിടങ്ങളില്‍ പ്രചാരണം നടക്കുന്നെന്നാണ് സജിതാ മഠത്തില്‍ വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com