ചുമടിറക്കാന്‍ അമിതകൂലി: സ്വമേധയാ ഇറക്കാന്‍ ശ്രമിച്ചവര്‍ക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമര്‍ദനം

സംഭവത്തെ തുടര്‍ന്ന് സിഐടിയു പ്രവര്‍ത്തകരായ നാല് പേരെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു.
ചുമടിറക്കാന്‍ അമിതകൂലി: സ്വമേധയാ ഇറക്കാന്‍ ശ്രമിച്ചവര്‍ക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമര്‍ദനം

ഇടുക്കി: അമിതകൂലി താങ്ങാതെ സ്വമേധയാ ചുമടിറക്കാന്‍ തുനിഞ്ഞവര്‍ക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമര്‍ദനം. കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ശാഖ ആരംഭിക്കാനായി അണക്കരയില്‍ സേഫ് ഇറക്കി വയ്ക്കാന്‍ പോയ സൊസൈറ്റി സെക്രട്ടറി ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. 

മര്‍ദനത്തിന് ശേഷം ഇവരെ രണ്ട് മണിക്കൂറോളം ബന്ദികളാക്കുകയും ചെയ്തു. കമ്പിവടി, കാപ്പിവടി എന്നിവ കൊണ്ടുള്ള അടിയേറ്റ് ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മര്‍ദനത്തിന് ശേഷം 25,000 രൂപ കൂലി നല്‍കിയാല്‍ സേഫ് ഇറക്കി വയ്ക്കാമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. അവശരായതിനാലും വീണ്ടും മര്‍ദിക്കുന്ന സ്ഥിതിയായതിനാലും പരുക്കേറ്റവര്‍ ആ കൂലി നല്‍കാമെന്നു സമ്മതിച്ചാണ് രക്ഷപ്പെട്ടത്. 

സൊസൈറ്റി സെക്രട്ടറി കെ. വി.കുര്യാക്കോസ്, ജീവനക്കാരായ ബിനോയി തോമസ്, തോമസ് ജോസഫ്, സേഫുമായി തൃശൂരില്‍ നിന്ന് എത്തിയ നെടുപുഴ സ്വദേശികളായ പള്ളിപ്പുറം രമേഷ്, വെങ്ങര രാകേഷ്, ചേമ്പൂരി അരുണ്‍, വണിശേരി ഉരുണ്ടോളി വിജീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റ രമേഷിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് സിഐടിയു പ്രവര്‍ത്തകരായ നാല് പേരെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. സിഐടിയു പ്രവര്‍ത്തകരായ അണക്കര സുല്‍ത്താന്‍കട കലാം നഗര്‍ നായ്ക്കന്‍പറമ്പില്‍ ബേബി (കുരുവിള47), ചക്കുപള്ളം ഏഴാംമൈല്‍ പുതുപ്പള്ളിമറ്റം ബാബു (45), അണക്കര നെറ്റിത്തൊഴു കടുക്കാസിറ്റി ഉഴത്തില്‍ കുഞ്ഞുമോന്‍ (45), അണക്കര പാമ്പുപാറ കുന്നുംപുറത്ത് ബിനോയി (37) എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം, തര്‍ക്കത്തിനിടെയുണ്ടായ കയ്യേറ്റത്തില്‍ പരുക്കേറ്റെന്ന് ആരോപിച്ച് ചുമട്ടു തൊഴിലാളി കുന്നുംപുറത്ത് ബിനോയി പുറ്റടി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ബിനോയിയെ കയ്യേറ്റം ചെയ്യുന്നതാണു കണ്ടെതെന്നും മറ്റു തൊഴിലാളികളുമായി എത്തിയപ്പോള്‍ സൊസൈറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് തുക പറഞ്ഞ് ഉറപ്പിച്ചശേഷം ലോഡ് ഇറക്കുകയാണു ചെയ്തതെന്നും തൊഴിലാളികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com