ഫാത്തിമയുടെ ആത്മഹത്യക്കുറിപ്പില്‍ ദുരൂഹത ?; ഫോണ്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് പൊലീസ് ; മൂന്ന് പ്രൊഫസര്‍മാരുടെ പേരുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം

ഫാത്തിമയുടെ ഫോണ്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഫോണ്‍ ഇപ്പോള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പൊലീസ്
ഫാത്തിമയുടെ ആത്മഹത്യക്കുറിപ്പില്‍ ദുരൂഹത ?; ഫോണ്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് പൊലീസ് ; മൂന്ന് പ്രൊഫസര്‍മാരുടെ പേരുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം

കൊല്ലം : ചെന്നൈ ഐഐടി വിദ്യാര്‍ഥിനി കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി കീലോംതറയില്‍ ഫാത്തിമ ലത്തീഫിന്റെ മരണത്തിലെ ദുരൂഹത തുടരുന്നു. മരണത്തിന് പിന്നില്‍ അധ്യാപകരുടെ പീഡനമാണെന്ന് ഫാത്തിമയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ഇതിന് തെളിവായി ഫാത്തിമയുടെ മൊബൈല്‍ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരുടെ പേരുകളാണ് മൊബൈലില്‍ നോട്ടായി കുറിച്ചിരുന്നത്.

മൊബൈലിലെ ആത്മഹത്യാക്കുറിപ്പ് പൊലീസ് അന്വേഷണത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും, ഐഐടി അധികൃതരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് പറയുന്നു. എന്നാല്‍ മൗബൈല്‍ നോട്ടിലെ ആത്മഹത്യാക്കുറിപ്പില്‍ ചെന്നൈ പൊലീസ് വ്യത്യസ്തവാദമാണ് ഉയര്‍ത്തുന്നത്.

ഫാത്തിമയുടെ ഫോണ്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ഫാത്തിമയുടെ പിതാവിന്റെ സാന്നിധ്യത്തിലാണ് ഫോണ്‍ തുറന്നുപരിശോധിച്ചത്. ഫോണ്‍ ഇപ്പോള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഫോണിലെ തെളിവ് നശിപ്പിച്ചുവെന്ന ആരോപണം സത്യമല്ലെന്ന് കോട്ടൂര്‍പുരം പൊലീസ് സൂചിപ്പിച്ചു.

ഫാത്തിമയുടെ മൃതദേഹം സ്വീകരിക്കാനായി താനും മകള്‍ അയിഷയും ശനിയാഴ്ച ചെന്നൈയില്‍ എത്തിയപ്പോഴാണ് മൊബൈല്‍ ഫോണിലെ നോട്ട് ശ്രദ്ധയില്‍പ്പെട്ടതെന്ന് പിതാവ് അബ്ദുള്‍ ലത്തീഫ് പറയുന്നു. അയിഷ ഫോണ്‍ ഓണ്‍ ചെയ്തപ്പോഴാണ് സൂയിസൈഡ് നോട്ട് കണ്ടത്. രണ്ട് നോട്ടുകളിലായി മൂന്ന് പ്രൊഫസര്‍മാരുടെ പേരുകള്‍ കുറിപ്പില്‍ ഉണ്ടായിരുന്നതായും ലത്തീഫ് പറഞ്ഞു. പ്രൊഫസര്‍..... ആണ് തന്റെ മരണത്തിന് ഉത്തരവാദി. പ്ലീസ് ചെക്ക് സാംസങ് നോട്ട് എന്നാണ് കുറിപ്പിലുണ്ടായിരുന്നത് എന്നും ലത്തീഫ് വ്യക്തമാക്കി.

അയിഷ ഫോണ്‍ ചെയ്തപ്പോള്‍ പാസ്വേഡ് പോലും ചോദിക്കാതെയാണ് ഫോണ്‍ ഓണായത്. തന്‍രെ മരണകാരണം എല്ലാവരും അറിയണം എന്ന് കരുതിയാകും ഫാത്തിമ പോണിലെ പാസ്‌വേഡ് എടുത്തുകളഞ്ഞതെന്നും ലത്തീഫ് പറയുന്നു. എന്നാല്‍ അത്മഹത്യാകുറിപ്പിലെ പരാമര്‍ശങ്ങള്‍ ഒന്നും പൊലീസ് അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ഇതുവരെ പരാമര്‍ശിച്ചിട്ടില്ലെന്നും പിതാവ് ലത്തീഫ് പറഞ്ഞു. ഫാത്തിമയുടെ സൂയിസൈഡ് നോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി മാറിയിട്ടുണ്ട്.

അതിനിടെ കേസില്‍ ആരോപണ വിധേയരായ അധ്യാപകരെ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായി സൂചനയുണ്ട്. ഐഐടിയിലെ വിദ്യാര്‍ത്ഥികളെയും മറ്റു ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് എതിരായി മൊഴി കൊടുത്തിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഫാത്തിമയുടെ മരണത്തില്‍ ഐഐടി ഔദ്യോഗികമായി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ആഭ്യന്തര തലത്തില്‍ അന്വേഷണം നടത്തുന്ന കാര്യത്തിലും അറിയിപ്പുകള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com