ശബരിമല യുവതീപ്രവേശനം: നിര്‍ണായക വിധി ഇന്ന്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ശബരിമല യുവതീപ്രവേശന പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പ്രസ്താവിക്കും.
ശബരിമല/ഫയല്‍ചിത്രം
ശബരിമല/ഫയല്‍ചിത്രം


ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബര്‍ 28 നാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച 56 റിവ്യൂ ഹര്‍ജികളിലാണ് സുപ്രിംകോടതി വിധി പ്രസ്താവിക്കുന്നത്.

കേരളം കാത്തിരിക്കുന്ന നിര്‍ണായക വിധി രാവിലെ 10. 30 നാണ് സുപ്രിംകോടതി പുറപ്പെടുവിക്കുക. സുപ്രിംകോടതി പുറപ്പെടുവിച്ച മുന്‍വിധി ശരിവെക്കുക, റിവ്യൂ അനുവദിച്ചുകൊണ്ട് മുന്‍വിധി സ്‌റ്റേ ചെയ്ത് വിശാല ബെഞ്ചിന് വിടുക എന്നീ സാധ്യതകളാണ് കോടതിക്ക് മുന്നിലുള്ളത്. റിവ്യൂ അനുവദിച്ചാല്‍ വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് വിശദമായ വാദം കേള്‍ക്കാന്‍ കോടതി ഉത്തരവിടും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമെ, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ശബരിമല കേസില്‍ വീണ്ടും വാദം കേട്ടത്.

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്ക് എതിരെ ഹിന്ദു സംഘടനകളാണ് റിവ്യൂ ഹര്‍ജിയുമായി സുപ്രിംകോടതിയെ വീണ്ടും സമീപിച്ചത്.ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് ആചാരങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജികളില്‍ ഒരു ദിവസമാണ് കോടതി വാദം കേട്ടത്. തുടര്‍ന്ന് ഹര്‍ജിക്കാരോട് കൂടുതല്‍ വാദങ്ങളുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. ശബരിമല മണ്ഡലക്കാലം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് കേസില്‍ വീണ്ടും വിധി വരാന്‍ പോകുന്നത്.  ചീഫ് ജസ്റ്റിസ് പദവിയില്‍ രഞ്ജന്‍ ഗൊഗോയ് 16 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് കേസുകളില്‍ ഉടന്‍ വിധി പുറപ്പെടുവിക്കുന്നത്.

സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
 
ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രിംകോടതി വിധി പ്രസ്താവിക്കാനിരിക്കെ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിധിയുടെ മറവില്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ശ്രമിക്കരുത്, നവമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

മൊത്തം 65 ഹര്‍ജികള്‍

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28ലെ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് 56 റിവ്യൂ ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. റിട്ട് ഹര്‍ജികളും സര്‍ക്കാരിന്റെ ഹര്‍ജികളും ചേര്‍ത്ത് മൊത്തം 65 ഹര്‍ജികള്‍ കോടതിയിലെത്തി.

തന്ത്രി കണ്ഠരര് രാജീവര്, എന്‍എസ്എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോന്‍, പിസി ജോര്‍ജ്, രാഹുല്‍ ഈശ്വര്‍ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 56 റിവ്യൂ ഹര്‍ജികളാണുള്ളത്.

വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്‌ജെആര്‍ കുമാര്‍, ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ പ്രസിഡന്റ് ശൈലജ വിജയന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ ജി വിജയകുമാര്‍, അഖില ഭാരതീയ മലയാളി സംഘ് എന്നിവര്‍ റിട്ട് ഹര്‍ജിയും നല്‍കി.

ഹൈക്കോടതിയിലെ ശബരിമല ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ രണ്ട് ട്രാന്‍സ്ഫര്‍ ഹര്‍ജികള്‍, വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വംബോര്‍ഡ് നല്‍കിയ ഹര്‍ജി തുടങ്ങിയവയും ചേര്‍ത്ത് ശബരിമലയുമായി ബന്ധപ്പെട്ട 65 ഹര്‍ജികള്‍ കോടതിയിലെത്തി. ശബരിമല പുനഃപരിശോധനാ ഹര്‍ജികളെ എതിര്‍ത്ത് ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും പ്രവേശനം നടത്താന്‍ ശ്രമിച്ച രേഷ്മയും ഷനിലയും കോടതിയെ സമീപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com