ശബരിമല: സിപിഎം നേതാക്കള്‍ക്ക് ഇടയില്‍ അഭിപ്രായ ഭിന്നത; സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കില്ലെന്ന് എ കെ ബാലന്‍

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെയുളള പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം
ശബരിമല: സിപിഎം നേതാക്കള്‍ക്ക് ഇടയില്‍ അഭിപ്രായ ഭിന്നത; സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കില്ലെന്ന് എ കെ ബാലന്‍

കൊച്ചി:ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെയുളള പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം. ഉത്തരവില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നാലെ, ശബരിമലയിലേക്ക് സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം സ്ഥാനം ഒഴിഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അഭിപ്രായപ്പെട്ടു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍ എംഎല്‍എയുമാണ് പദ്മകുമാര്‍.

സര്‍ക്കാരിന്റെ താങ്ങിലും തണലിലും ഒരു സ്ത്രീക്കും സംരക്ഷണം നല്‍കില്ലെന്നാണ് എ കെ ബാലന്‍ പറഞ്ഞത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ആദ്യം സ്വീകരിച്ച നിലപാടാണ് ഇപ്പോഴുമുളളത്. അന്തിമവിധി വരും വരെ നിലപാടില്‍ മാറ്റമില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

വിധിയുടെ നിയമവശം പരിശോധിക്കാനായി നിയമോപദേശം തേടുമെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒടുവിലത്തെ വിധിയുമായി ബന്ധപ്പെട്ട് ഇനിയും കുറേ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇപ്പോള്‍ ഭരണഘടന ബെഞ്ച് ഭൂരിപക്ഷ വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടുപേര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കോടതി വിധി എന്തായാലും അത് അംഗീകരിക്കുക എന്നത് തന്നെയാണ് സര്‍ക്കാര്‍ നിലപാട് എന്ന് വ്യക്തമാക്കിയതാണ്. ആദ്യത്തെ അഞ്ചംഗ  ബെഞ്ചിന്റെ വിധി അതേ രീതിയില്‍ത്തന്നെ നിലനില്‍ക്കുന്നു എന്നാണ് മനസിലാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജെന്‍ഡര്‍ ഇക്വാലിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏഴംഗ ഭരണഘടന ബെഞ്ച് പരിശോധിക്കും. വിശാലമായി  പരിശോധിക്കുന്ന കൂട്ടത്തില്‍ അഞ്ചംഗ ബെഞ്ച് വിധിയും ഉള്‍പ്പെടുമോ അതോ ശബരിമല വിധി മാത്രം ഏഴംഗ ബെഞ്ചിന്റെ പരിശോധനയ്ക്ക് വിധേയമാക്കുമോ എന്ന് വ്യക്തമാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീ പ്രവേശമാകാം എന്ന നേരത്തെയുള്ള നിലപാട് സുപ്രീം കോടതി തിരുത്തിയിട്ടില്ല. വിധി എന്തായാലും സര്‍ക്കാര്‍ അത് നടപ്പാക്കും. അതിനകത്തൊരു മുന്‍വിധിയും സര്‍ക്കാരിനില്ല. ഇപ്പോഴത്തെ വിധിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അത് വ്യക്തമായതിന് ശേഷം മറ്റു കാര്യങ്ങളില്‍ നിലപാടെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com