ആ സർട്ടിഫിക്കറ്റുകൾ വടക്കുന്നാഥന്റെ മുറ്റത്ത് നിന്നു കിട്ടി; വിഷ്ണുവിന് ഇനി ജർമൻ കപ്പലിൽ ജോലിക്ക് പോകാം

വിഷ്ണു പ്രസാദിന്റെ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടി. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയലുകള്‍ കണ്ടെത്തിയത്
ആ സർട്ടിഫിക്കറ്റുകൾ വടക്കുന്നാഥന്റെ മുറ്റത്ത് നിന്നു കിട്ടി; വിഷ്ണുവിന് ഇനി ജർമൻ കപ്പലിൽ ജോലിക്ക് പോകാം

തൃശൂർ: വിഷ്ണു പ്രസാദിന്റെ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടി. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയലുകള്‍ കണ്ടെത്തിയത്. ജർമൻ കപ്പലിൽ ജോലി ലഭിച്ചതിന്റെ ഭാ​ഗമായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ തൃ‌ശൂരിലെത്തിയ സമയത്താണ് വിഷ്ണു പ്രസാദിന്റെ ബാ​ഗ് മോഷണം പോയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

തൃശൂര്‍ തളിക്കുളം സ്വദേശികളായ ഇമ്രാനും ഷാഹിദും വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുമ്പോഴാണ് രണ്ട് ഫയലുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ വിഷ്ണുവിന്‍റേതു തന്നെ. ഉടനെ, വിഷ്ണുവിന്റെ ഫോണില്‍ വിളിച്ച് കാര്യമറിയിച്ചു. റയില്‍വേ പൊലീസിനെ കാണാന്‍ വീണ്ടും പോകാന്‍ നില്‍ക്കുമ്പോഴാണ് ഫോണ്‍ വിളി കിട്ടിയത്. യുവാക്കളെ കണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി.

പ്രധാനപ്പെട്ട സര്‍ട്ടിഫിക്കറ്റുകളെല്ലാം അതില്‍ ഭദ്രമായുണ്ടായിരുന്നു. വിഷ്ണുവിന് ഇനി, ജര്‍മന്‍ കപ്പലില്‍ പ്രതിമാസം 85,000 രൂപ ശമ്പളമുള്ള ജോലിയ്ക്കു പോകാം.

തൃശൂര്‍ റയില്‍വേ സ്റ്റേഷന്‍ കാത്തിരിപ്പു മുറിയില്‍ ഇരിക്കുമ്പോള്‍ മയങ്ങിപ്പോയി. ഇതിനിടെയാണ്, ആരോ ബാഗ് അപഹരിച്ചത്. മൊബൈല്‍ ഫോണും വസ്ത്രങ്ങളും പിന്നെ സര്‍ട്ടിഫിക്കറ്റുകളുമായിരുന്നു ബാഗില്‍. റയില്‍വേ പൊലീസിന് പരാതി നല്‍കിയിട്ടും ബാഗ് കണ്ടെത്താനായില്ല. രാവും പകലും തൃശൂര്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അലഞ്ഞെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയില്ല.

വിഷ്ണുവിന്‍റെ കഥ വ്യാപകമായി നവ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. നടന്‍മാരാ‍യ സണ്ണി വെയ്നും സുരാജ് വെഞ്ഞാറമൂടും ഉള്‍പ്പെടെ പലരും വാര്‍ത്ത ഷെയര്‍ ചെയ്തു. അങ്ങനെ, ജനം ഏറ്റെടുത്തതോടെ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു വിഷ്ണു. അതുപോലെ തന്നെ, സംഭവിച്ചു. വാര്‍ത്ത കണ്ട രണ്ടു യുവാക്കള്‍ക്കു മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടി. ബാഗ് തിരികെ കിട്ടിയില്ല. ഫോണും വസ്ത്രങ്ങളും അടങ്ങിയ ബാഗ് കള്ളന്‍തന്നെയെടുത്തു. സര്‍ട്ടിഫിക്കറ്റുകള്‍ കള്ളന്‍ മൈതാനത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. കള്ളന്‍ തകര്‍ത്ത ജീവിതം വീണ്ടും തിരിച്ചുകിട്ടിയതിന്‍റെ ആഹ്ളാദത്തിലാണ് വിഷ്ണു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com