കേരളസര്‍വകലാശാലയില്‍ രേഖകള്‍ തിരുത്തി വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചു, തട്ടിപ്പ് പുറത്ത്

2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളിലാണ് ക്രമക്കേടു നടന്നത്.
കേരളസര്‍വകലാശാലയില്‍ രേഖകള്‍ തിരുത്തി വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചു, തട്ടിപ്പ് പുറത്ത്

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സംവിധാനത്തില്‍ കൃത്രിമം കാണിച്ച് മാര്‍ക്ക് തട്ടിപ്പ്. മോഡറേഷന്‍ മാര്‍ക്ക് കൂട്ടിനല്‍കി നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയാണ് ജയിപ്പിച്ചത്. 16 പരീക്ഷകളിലെ മാര്‍ക്ക് തിരുത്തി അധിക മോഡറേഷന്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 

ഇതോടെ മറ്റ് പരീക്ഷകളിലും തിരിമറി നടന്നിരിക്കാനുള്ള സാധ്യതകളേറെയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. എല്‍എല്‍ബി, ബിടെക് ഉത്തര കടലാസുകളുടെ റീവാലുവേഷനിലും സമാന രീതിയില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളിലാണ് ക്രമക്കേടു നടന്നത്.

സര്‍വകലാശാല അറിയാതെയാണ് കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കിയിരിക്കുന്നത്. സര്‍വകലാശയില്‍ നിന്ന് തന്നെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ കയറിയാണ് അധിക മോഡറേഷന്‍ നല്‍കിയത്. ചട്ടപ്രകാരം സര്‍വലകലാശാല നല്‍കുന്ന മോഡറേഷന് പുറമേയാണ് അധിക മാര്‍ക്ക് നല്‍കുന്നത്. 

2016ല്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷ തോറ്റ വിദ്യാര്‍ഥികളെയാണ് മോഡറേഷന്‍ തിരിമറി നടത്തി ഇപ്പോള്‍ ജയിപ്പിച്ചത്. കൂടെപഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിജയത്തില്‍ സംശയംതോന്നി സര്‍വകലാശാലയില്‍ നേരിട്ടുവന്ന് അന്വേഷിച്ചപ്പോഴാണ് തിരിമറി പുറത്തായത്. 

രണ്ട് പരീക്ഷകളില്‍ മാര്‍ക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന എആര്‍ രേണുകയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല തട്ടിപ്പിന്റെ വ്യാപ്തിയെന്നാണ് പുറത്ത് വരുന്ന  വിവരങ്ങളിലൂടെ വ്യക്തമാകുന്നത്. 

സമകാലികമലയാളം ഡെസ്‌ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com