യുവതികളെ തടയും; പൊലീസ് പരിശോധന കര്‍ശനമാക്കി; തീര്‍ഥാടനത്തിന് വൈകിട്ട് തുടക്കം

ശബരിമല ദര്‍ശനത്തിനായി യുവതികള്‍ അടങ്ങുന്ന സംഘം എത്തിയതിനു പിന്നാലെ പമ്പയിലേക്കുള്ള ബസുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി
യുവതികളെ തടയും; പൊലീസ് പരിശോധന കര്‍ശനമാക്കി; തീര്‍ഥാടനത്തിന് വൈകിട്ട് തുടക്കം

പമ്പ: ശബരിമല ദര്‍ശനത്തിനായി യുവതികള്‍ അടങ്ങുന്ന സംഘം എത്തിയതിനു പിന്നാലെ പമ്പയിലേക്കുള്ള ബസുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. വനിതാ പൊലീസ് അടക്കമുള്ളവരുടെ സംഘമാണ് ബസുകളില്‍ പരിശോധന നടത്തുന്നത്. 

ആന്ധ്രയിലെ വിജയവാഡയില്‍ നിന്നുള്ള പതിനഞ്ച് അംഗ സംഘത്തിനൊപ്പമാണ് നേരത്തെ മൂന്നു യുവതികള്‍ പമ്പയില്‍ എത്തിയത്. ഇവരെ ആധാര്‍ അടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷം പൊലീസ് തിരിച്ചയയ്ക്കുകയായിരുന്നു. 

ആന്ധ്രയില്‍ നിന്നുമെത്തിയ യുവതികളില്‍ ഒരാളുടെ പ്രായം 35 വയസ്സും മറ്റൊരാള്‍ക്ക് ഇതിലും അല്‍പ്പം കൂടുതലും മാത്രമേ ഉള്ളൂവെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ശബരിമലയിലെ ആചാരങ്ങള്‍ പൊലീസ് യുവതികളെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. സ്ത്രീകളെ ശബരിമലയിലെ ആചാരങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ ദര്‍ശനത്തിന് ഇല്ലെന്ന് അറിയിച്ച് യുവതികള്‍ പിന്മാറുകയായിരുന്നു.

വിജയവാഡയില്‍ നിന്നും പുരുഷന്മാര്‍ക്കൊപ്പമുള്ള സംഘത്തിലാണ് യുവതികളും ഉള്‍പ്പെട്ടത്. യുവതികള്‍ക്ക് ശബരിമലയില്‍ വിലക്കുള്ള കാര്യം അറിയില്ലെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് യുവതികളെ പമ്പയില്‍ നിന്ന് തിരിച്ചയച്ചു. 

അതേസമയം യുവതികളെ തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പ്രതികരിച്ചു. ശബരിമലയിലേക്കുള്ള ഭക്തരെ കടത്തിവിടുന്നതും തടയുന്നതും ദേവസ്വം ബോര്‍ഡ് അല്ല. ഒരുകാലത്തും ബോര്‍ഡ് ആ പണി ചെയ്തിട്ടില്ല. ക്രമസമാധാനം പൊലീസിന്റെ ചുമതലയാണെന്നും അവര്‍ അതിന് അനുസരിച്ചുള്ള നടപടികള്‍ എടുക്കുമെന്നും എന്‍ വാസു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com