വൈദ്യുതി ചാര്‍ജ് കുടിശിക: ഒറ്റത്തവണ തീര്‍പ്പാക്കാം, പലിശയിളവ്, ഫെബ്രുവരി 29വരെ സമയം

രണ്ടു വര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശിക അടച്ചു തീര്‍ക്കുന്നതിനു വൈദ്യുതി ബോര്‍ഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു
വൈദ്യുതി ചാര്‍ജ് കുടിശിക: ഒറ്റത്തവണ തീര്‍പ്പാക്കാം, പലിശയിളവ്, ഫെബ്രുവരി 29വരെ സമയം

തിരുവനന്തപുരം: രണ്ടു വര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശിക അടച്ചു തീര്‍ക്കുന്നതിനു വൈദ്യുതി ബോര്‍ഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. റവന്യു റിക്കവറി നേരിടുന്ന ഉപയോക്താക്കള്‍ക്കും കോടതികളില്‍ കേസ് നിലനില്‍ക്കുന്ന ഉപയോക്താക്കള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അനധികൃത വൈദ്യുതി ഉപയോഗത്തിനു നടപടി നേരിടുന്നവര്‍ക്കും അപേക്ഷ നല്‍കാം. കഴിഞ്ഞ ഒന്നാം തീയതി മുതല്‍ അടുത്ത ഫെബ്രുവരി 29 വരെയാണു പദ്ധതിയുടെ കാലാവധി.

മുന്‍പ് ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി മോഷണക്കുറ്റത്തില്‍ നടപടി നേരിടുന്നവര്‍ക്കും ഈ പദ്ധതിയിലെ വ്യവസ്ഥകള്‍  ബാധകമല്ല. 2 മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശികകള്‍ക്ക് നിലവിലെ 18% പലിശയ്ക്കു പകരം  8.31% നല്‍കിയാല്‍ മതിയാകും. 5 വര്‍ഷത്തില്‍ കൂടുതലുള്ള കുടിശികയ്ക്ക്  6% പലിശ. പലിശത്തുക 6 തുല്യതവണകളായി അടയ്ക്കാനും വ്യവസ്ഥയുണ്ട്. പലിശയടക്കമുള്ള കുടിശികത്തുക ഒരുമിച്ചടയ്ക്കുന്നവര്‍ക്ക് പലിശ തുകയിന്‍മേല്‍ 2 ശതമാനത്തിന്റെ അധിക ഇളവും അനുവദിക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ ചില പ്രത്യേക ഉപയോക്താക്കള്‍ക്കു കുടിശിക അടയ്ക്കുന്നതിന് 12% പലിശ നിരക്കില്‍ മുതല്‍ത്തുകയ്ക്കും തവണകള്‍  അനുവദിക്കും. ഇളക്കിമാറ്റപ്പെട്ട കണക്ഷനുകള്‍ക്കു പരമാവധി 6 മാസത്തെ ഡിമാന്‍ഡ് ചാര്‍ജ് / ഫിക്‌സഡ് ചാര്‍ജ് നല്‍കിയാല്‍ മതി. അടച്ചുപൂട്ടിയ വ്യവസായശാലകള്‍ക്കും തോട്ടങ്ങള്‍ക്കും ഈ വ്യവസ്ഥ  ബാധകം.

അര്‍ഹരായ ഉപയോക്താക്കള്‍ക്കു പ്രത്യേക സാഹചര്യത്തില്‍ മുതലിലും കുറവു നല്‍കും. ഇതിനുള്ള അധികാരം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ  ജില്ലാതല കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്. എല്‍ടി ഉപയോക്താക്കള്‍ സെക്ഷന്‍ ഓഫിസിലും എച്ച്ടി/ഇഎച്ച്ടി ഉപയോക്താക്കള്‍ സ്‌പെഷല്‍ ഓഫിസര്‍ റവന്യുവിന്റെ ഓഫിസിലും അടുത്ത ഫെബ്രുവരി ഒന്നിനു മുന്‍പായി അപേക്ഷ നല്‍കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com