കയ്യാലപ്പൊത്തില്‍ ഒളിപ്പിച്ച നിലയില്‍ 14 ബോംബുകളും അരക്കിലോ വെടിമരുന്നും ; അന്വേഷണം

അരക്കിലോ വെടിമരുന്ന്,  500 ഗ്രാം സള്‍ഫര്‍, 200 ഗ്രാം അമോണിയം നൈട്രേറ്റ് തുടങ്ങിയവ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു
കയ്യാലപ്പൊത്തില്‍ ഒളിപ്പിച്ച നിലയില്‍ 14 ബോംബുകളും അരക്കിലോ വെടിമരുന്നും ; അന്വേഷണം

കോഴിക്കോട് : കോഴിക്കോട് നാദാപുരം ചേലക്കാട് കയ്യാലപ്പൊത്തില്‍ പ്ലാസ്റ്റിക് ബക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. 14 ബോംബുകള്‍, അരക്കിലോ വെടിമരുന്ന്,  500 ഗ്രാം സള്‍ഫര്‍, 200 ഗ്രാം അമോണിയം നൈട്രേറ്റ് തുടങ്ങിയവ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. പൈപ്പ് ബോംബുകളില്‍ 5 എണ്ണം പുതിയതും 5 എണ്ണം പഴയതുമാണ്. ഇരു ഭാഗങ്ങളും പശ കൊണ്ട് അടച്ച ഈ ബോംബുകള്‍ ഉഗ്രശേഷിയുള്ളവയാണ്. തിരിയും ഘടിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കരിങ്കല്‍ ക്വാറിക്കു സമീപം കുളങ്ങരത്ത് ഇടവഴിയിലെ കയ്യാലപ്പൊത്തിലാണ് പ്ലാസ്റ്റിക് ബക്കറ്റുകളില്‍ ഇവ ഒളിപ്പിച്ചിരുന്നത്. രണ്ടു പറമ്പുകള്‍ക്ക് ഇടയിലുള്ള കാടുമൂടിയ ഭാഗത്ത് ജോലിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ബക്കറ്റുകള്‍ കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്ന് പാത്രത്തില്‍ നിറച്ച നിലയിലായിരുന്നു. 5 പുതിയ സ്റ്റീല്‍ ബോംബുകളും 5 പഴയ സ്റ്റീല്‍ ബോംബുകളും 2 പൈപ്പ് ബോംബുകളും 2 നാടന്‍ ബോംബുകളുമാണ് ബക്കറ്റുകളില്‍ കണ്ടെത്തിയത്.

ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചണനൂലും കണ്ടെത്തിയിട്ടുണ്ട്. നാദാപുരത്തുനിന്നു ബോംബ് സ്‌ക്വാഡും കുറ്റിയാടി, നാദാപുരം എന്നിവിടങ്ങളില്‍ നിന്നു  പൊലീസും എത്തി ഇവ കസ്റ്റഡിയിലെടുത്തു. ബോംബുകള്‍ കുളങ്ങരത്ത് കരിങ്കല്‍ ക്വാറിയില്‍ എത്തിച്ചു ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. കേസെടുത്ത് അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com