കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കാന്‍ ചൂണ്ടയിടല്‍ മത്സരവുമായി ഡിവൈഎഫ്‌ഐ; പരിഹാസവുമായി വിഷ്ണുനാഥ്, കുറിപ്പ്

വെടിവെയ്പ് നടന്ന നവംബര്‍ 25 രക്തസാക്ഷി ദിനമായി ആചരിച്ചു വരികയാണ് ഡിവൈഎഫ്‌ഐ
കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കാന്‍ ചൂണ്ടയിടല്‍ മത്സരവുമായി ഡിവൈഎഫ്‌ഐ; പരിഹാസവുമായി വിഷ്ണുനാഥ്, കുറിപ്പ്

കൊച്ചി: കൂത്തുപറമ്പ് വെടിവെയ്പിന് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. വെടിവെയ്പ് നടന്ന നവംബര്‍ 25 രക്തസാക്ഷി ദിനമായി ആചരിച്ചു വരികയാണ് ഡിവൈഎഫ്‌ഐ. ഇതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ചൂണ്ടയിടല്‍ മത്സരത്തെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്.

കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചു വിഷ്ണുനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ചര്‍ച്ചയാവുന്നത്. 'ഏറ്റവും കൗതുകമായി തോന്നിയത് ചൂണ്ടയും ഇരയും മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിര്‍ദ്ദേശം തന്നെയാണ്.
വേട്ടക്കാരനെയും ഇരയെയും ഒരു നൂലില്‍ കെട്ടാന്‍ സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും അല്ലാതെ മറ്റാര്‍ക്ക് സാധിക്കും ? എത്ര ഭാവനാസമ്പന്നമാണ് ആ സംഘടന !'- വിഷ്ണുനാഥ് കുറിച്ചു.


കുറിപ്പിന്റെ പൂര്‍ണരൂപം


ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല

ഇത്രയും ഭാവനാസമ്പന്നമായി, വികാരനിര്‍ഭരമായി രക്തസാക്ഷികളെ അനുസ്മരിക്കുന്ന വേറെ ഏതൊരു പാര്‍ട്ടിയുണ്ട് ലോകത്ത്?!

വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണം ആഗോളവത്കരണത്തിന്റെ അജണ്ടയാണെന്നും പ്രസ്തുത അജണ്ട നടപ്പിലാക്കാന്‍ എം വി രാഘവനെ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് രാഘവനെ തടയുന്ന സമരം ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചതും സമരത്തിന്റെ ഭാഗമായ് തെരുവുകള്‍ സംഘര്‍ഷഭരിതമായതും തുടര്‍ന്നുള്ള പോലീസ് വെടിവെപ്പില്‍ 1994 നവംബര്‍ 25 ന് അഞ്ച് ഡിവൈഎഫ്‌ഐ സഖാക്കള്‍ രക്തസാക്ഷികളായതും.

എന്നാല്‍ പിന്നീട്, അതേ പാര്‍ട്ടി തങ്ങളുടെ നേതൃത്വത്തില്‍ തന്നെ സ്വാശ്രയ കോളേജുകള്‍ അനുവദിച്ചു. പരിയാരം കോളേജില്‍ എം വി ജയരാജനെ പോലുള്ള നേതാക്കള്‍ ചെയര്‍മാന്മാരായി തലപ്പത്തു വന്നു.

'ജീവിച്ചിരിക്കുന്ന 'രക്തസാക്ഷി പുഷ്പന്‍ ചൊക്ലിയിലെ വീട്ടില്‍ അവശനായി കിടക്കുമ്പോള്‍ ആ കണ്‍മുമ്പിലൂടെ നേതാക്കളുടെ മക്കള്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കരസ്ഥമാക്കി നടന്നുനീങ്ങിയതും നാം കണ്ടു.

പിന്നീട് 'കരിങ്കാലി' രാഘവന്റെ മകന്‍ പാര്‍ട്ടിയുടെ നിയമസഭാ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അദ്ദേഹത്തിന് വോട്ടുപിടിക്കേണ്ട ദുര്യോഗവുമുണ്ടായി, ഡിവൈഎഫ്‌ഐ ക്ക്.

പിന്നെ 'കൊലയാളി'' രാഘവനെ പാര്‍ട്ടി തന്നെ അനുസ്മരിക്കാന്‍ തുടങ്ങി. അപ്പോഴും ബാക്ക് ഗ്രൗണ്ടില്‍ ' പുഷ്പനെ അറിയാമോ
ഞങ്ങടെ പുഷ്പനെ അറിയാമോ സഖാവിനെ അറിയാമോ
ആ രണഗാഥ അറിയാമോ?''
എന്ന പാട്ട് ഇടുന്ന കാര്യം അവര്‍ മറന്നില്ല. നിര്‍ബന്ധമായും ചെയ്യണമെന്ന് നിര്‍ദ്ദേശവും നല്‍കി.

ഇപ്പോള്‍ ഇതാ കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കാന്‍ ചൂണ്ടയിടല്‍ മത്സരവും. ഏറ്റവും കൗതുകമായി തോന്നിയത് ചൂണ്ടയും ഇരയും മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിര്‍ദ്ദേശം തന്നെയാണ്.

'വേട്ടക്കാര'നെയും ഇരയെയും ഒരു നൂലില്‍ കെട്ടാന്‍ സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും അല്ലാതെ മറ്റാര്‍ക്ക് സാധിക്കും ?

എത്ര ഭാവനാസമ്പന്നമാണ് ആ സംഘടന !

 പി സി വിഷ്ണുനാഥ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com