'മരണത്തെ വിവാദമാക്കുന്നത് പണമുളളതിനാല്‍'; ഫാത്തിമയുടെ കുടുംബത്തെ അധിക്ഷേപിച്ച് ഐഐടി അധികൃതര്‍ പൊലീസിന് കത്തു നല്‍കി; വെളിപ്പെടുത്തലുമായി ബന്ധു

'മരണത്തെ വിവാദമാക്കുന്നത് പണമുളളതിനാല്‍'; ഫാത്തിമയുടെ കുടുംബത്തെ അധിക്ഷേപിച്ച് ഐഐടി അധികൃതര്‍ പൊലീസിന് കത്തു നല്‍കി; വെളിപ്പെടുത്തലുമായി ബന്ധു

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പൊലീസിന് ഐഐടിയുടെ കത്ത്

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പൊലീസിന് ഐഐടിയുടെ കത്ത്. ഫാത്തിമയുടെ കുടുംബത്തെ അധിക്ഷേപിച്ച് ഐഐടി അധികൃതര്‍ പൊലീസിന് കത്ത് നല്‍കിയെന്ന് ബന്ധു ആരോപിച്ചു. മരണത്തെ വിവാദമാക്കുന്നത് കുടുംബത്തിന് സാമ്പത്തികം ഉളളതിനാലാണെന്ന് കത്തില്‍ പറയുന്നതായും ബന്ധു ഷമീര്‍ ആരോപിക്കുന്നു.

ഫാത്തിമയുടെ മരണത്തില്‍ ആവശ്യമായ സഹായങ്ങള്‍ക്ക് തയ്യാറാണെന്ന് കാണിച്ച് ഫാത്തിമ ലത്തീഫിന്റെ പിതാവിനും ഐഐടി ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യങ്ങള്‍ അന്വേഷിച്ച് ഐഐടി ഫാത്തിമ ലത്തീഫിന്റെ കുടുംബവുമായി ബന്ധപ്പെടുന്നതെന്നും ഷമീര്‍ ആരോപിക്കുന്നു. ഇതിന് സമാന്തരമായാണ് ഫാത്തിമയുടെ കുടുംബത്തെ ആക്ഷേപിച്ച് പൊലീസിന് ഐഐടി അധികൃതര്‍ കത്തുനല്‍കിയിരിക്കുന്നത്. ഐഐടിയെ താറടിച്ച് കാണിക്കാനാണ് ഫാത്തിമയുടെ കുടുംബത്തിന്റെ ശ്രമമെന്നും പൊലീസിന് അയച്ച കത്തില്‍ പറയുന്നതായി ഷമീര്‍ ആരോപിക്കുന്നു. ഫാത്തിമ നേരത്തെ മറ്റ് അധ്യാപകര്‍ക്ക് എതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. കത്ത് ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചതായും ഷമീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ സംരക്ഷിക്കുന്ന നിലപാടാണ് ഐഐടി അധികൃതര്‍ സ്വീകരിക്കുന്നത്. ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ തമിഴ്‌നാട് പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായും ഷമീര്‍ ആരോപിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ പൊലീസ് വീഴ്ച വരുത്തി. 15 മിനിറ്റ് കൊണ്ടായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കി ഐഐടിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യം ഒഴിവാക്കാനുളള ശ്രമമാണ് അധികൃതര്‍ നടത്തിയതെന്നും ഷമീര്‍ ആരോപിക്കുന്നു.

അതേസമയം മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ഇന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ചെന്നൈയിലെത്തും.
സുബ്രഹ്മണ്യം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും. വിദ്യാര്‍ത്ഥികളില്‍ നിന്ന് അടക്കം ആര്‍ സുബ്രഹ്മണ്യം വിവരങ്ങള്‍ തേടും.

അതിനിടെ ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ ചെന്നൈ സിറ്റി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്‌ (സിസിബി.) അന്വേഷണം തുടങ്ങി. ഫാത്തിമയുടെ പിതാവ് ലത്തീഫില്‍നിന്ന് മൊഴിയെടുത്തു. സിസിബി അഡീഷണല്‍ കമ്മിഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കെടിഡിസി ഹോട്ടലില്‍ ശനിയാഴ്ച രാവിലെ 7.45ന് തുടങ്ങിയ മൊഴിയെടുക്കല്‍ മൂന്നരമണിക്കൂര്‍ തുടര്‍ന്നു. ലഭ്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് ലത്തീഫ് പറഞ്ഞു.

ഫാത്തിമയുടെ സഹോദരി ആയിഷയുടെ മൊഴിയെടുക്കാനും ഫാത്തിമ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്, ടാബ് എന്നിവയിലെ വിവരങ്ങള്‍ ശേഖരിക്കാനുമായി കൊല്ലത്തുള്ള വീട്ടിലേക്ക് പോകാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളെ കണ്ടെത്തുമെന്നും അന്വേഷണസംഘം ഉറപ്പുനല്‍കിയതായി ലത്തീഫ് പറഞ്ഞു. ഫാത്തിമയെ മാനസികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ്‌ചെയ്യണമെന്നാണ് ലത്തീഫിന്റെ ആവശ്യം. നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് ലത്തീഫ് ശനിയാഴ്ച ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ എ കെ വിശ്വനാഥനെയും കണ്ടു. കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചെന്നൈ കമ്മിഷണറെ ടെലിഫോണില്‍ വിളിച്ചിരുന്നു.

ഫാത്തിമയുടെ ലാപ്‌ടോപ്പ്, ടാബ് എന്നിവ കൊല്ലത്ത് എത്തുന്ന അന്വേഷണ സംഘത്തിന് വീട്ടുകാര്‍ കൈമാറും. ഫാത്തിമയുടെ അമ്മയുടേയും സഹോദരിയുടേയും മൊഴിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്, മരണത്തിലെ ദുരൂഹത വ്യക്തമാക്കുന്ന രേഖകള്‍ ഫാത്തിമയുടെ കുടുംബം ശ്രദ്ധയില്‍പ്പെടുത്തും. ഐഐടിയിലെ ഉന്നത ഉദ്യോഗസ്ഥരും തുടക്കത്തില്‍ കേസന്വേഷിച്ച കോട്ടൂര്‍പുരം പൊലീസും ആത്മഹത്യാക്കുറിപ്പ് നശിപ്പിച്ചുവെന്ന് സംശയിക്കുന്നു. മരിക്കുന്നതിനുമുമ്പ് 28 ദിവസത്തെ കാര്യങ്ങള്‍ കൃത്യമായി മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തിയിരുന്നുവെന്നും ലത്തീഫ് ആരോപിച്ചു.

ആരോപണവിധേയരായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മൊഴി സിറ്റി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്‌ സംഘം രേഖപ്പെടുത്തും. സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് ക്രൈംബ്രാഞ്ച്‌ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വന്നാലുടന്‍ നടപടിയെക്കാനാണ് ക്രൈംബ്രാഞ്ച്‌ തീരുമാനം. ഐഐടി ഡയറക്ടറെ ഇന്നലെ ക്രൈംബ്രാഞ്ച്‌ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്ഥലംവിട്ട അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ചെന്നൈയില്‍ തിരിച്ചെത്തി. ഇദ്ദേഹം പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹം മിസോറാമിലേക്ക് മുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍്ട്ടുകള്‍. നവംബര്‍ ഒമ്പതിനാണ് ഫാത്തിമയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com