'ഒരു നിമിഷത്തില്‍ ശൂന്യമായ അവസ്ഥ; പണം എടുത്തോട്ടെ, രേഖകള്‍ തിരിച്ചു വേണം'; കവര്‍ച്ചയ്ക്ക് ഇരയായി സന്തോഷ് കീഴാറ്റൂര്‍

കഴിഞ്ഞ രാത്രി എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് തിരിച്ചറിയല്‍ രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടമായത്
'ഒരു നിമിഷത്തില്‍ ശൂന്യമായ അവസ്ഥ; പണം എടുത്തോട്ടെ, രേഖകള്‍ തിരിച്ചു വേണം'; കവര്‍ച്ചയ്ക്ക് ഇരയായി സന്തോഷ് കീഴാറ്റൂര്‍

കൊച്ചി: ട്രെയിന്‍ യാത്രക്കിടെ, നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ പണവും തിരിച്ചറിയല്‍ രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. കഴിഞ്ഞ രാത്രി എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് തിരിച്ചറിയല്‍ രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടമായത്. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷൂട്ട് നടക്കുന്ന കോഴിക്കോട്ടേക്ക് പോകാന്‍ തുരന്തോ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സന്തോഷ് കീഴാറ്റൂരിന്റെ ബാഗ് നഷ്ടമായത്.സെക്കന്‍ഡ് ടയര്‍ എസിയിലാണ് യാത്ര ചെയ്തത്. ബാത്ത്‌റൂമില്‍ പോയി തിരിച്ചുവന്ന് നോക്കുമ്പോള്‍ ബെര്‍ത്തില്‍ വച്ചിരുന്ന ബാഗ് നഷ്ടമായതായി സന്തോഷ് കീഴാറ്റൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പണത്തൊടൊപ്പം ലൈസന്‍സ് , പാന്‍കാര്‍ഡ് തുടങ്ങി തിരിച്ചറിയല്‍ രേഖകള്‍ അടങ്ങിയ ബാഗാണ് നഷ്ടമായതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. ഉടന്‍ ടിടിആറിനെ വിവരമറിയിച്ചു. തുടക്കത്തില്‍ റെയില്‍വേ പൊലീസ് സഹായത്തിന് എത്തിയില്ലെന്നും കീഴാറ്റൂര്‍ ആരോപിക്കുന്നു. കോഴിക്കോട്ടേക്കാണ് പോകേണ്ടിയിരുന്നതിനാല്‍ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും നേരിടേണ്ടി വന്നില്ല. മറ്റുവല്ല സ്ഥലത്ത് വച്ചായിരുന്നു ബാഗ് നഷ്ടപ്പെട്ടിരുന്നതെങ്കില്‍ കഷ്ടപ്പെട്ട് പോയേന്നെയെന്ന് നടന്‍ പറയുന്നു.

കോഴിക്കോട് എത്തിയശേഷമാണ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. ബര്‍മുഡയും ടിഷര്‍ട്ടും ധരിച്ച വ്യക്തി ബാഗ് എടുക്കുന്നത് സഹയാത്രികര്‍ കണ്ടിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.
പണം എടുത്തോട്ടെ, രേഖകള്‍ തിരിച്ചുവേണം, ഒരുനിമിഷം കൊണ്ട് ഒന്നും ഇല്ലാതായെന്നും സന്തോഷ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com