കൂടംകുളത്ത് നിന്ന് 266 മെഗാവാട്ട് അധിക വൈദ്യുതി; ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനം ഇന്ന്

ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയായതോടെ 400 കെ വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാകും
കൂടംകുളത്ത് നിന്ന് 266 മെഗാവാട്ട് അധിക വൈദ്യുതി; ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേയുടെ ഉദ്ഘാടനം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയായതോടെ 400 കെ വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാകും. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചതോടെ പ്രസരണനഷ്ടം കുറച്ച് കേരളത്തിന് ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാനാകും എന്നതും നേട്ടമാണ്.

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ നിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണിത്. 266 മെഗാവാട്ടിന്റെ അധിക വൈദ്യുതിയാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ പ്രസരണശൃംഖലയില്‍ 2 കെവി വോള്‍ട്ടേജ് വര്‍ധനയും സാധ്യമാകും.

ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2000 മെഗാവാട്ട് പ്രസരണ ശേഷിയുള്ള ലൈനിലൂടെ വൈദ്യുതി എത്തിത്തുടങ്ങിയതോടെ കേരളത്തിലെ പ്രസരണ ശൃംഖലയില്‍ ശരാശരി രണ്ട് കിലോ വോള്‍ട്ട് വര്‍ധനയാണ് ഉണ്ടായത്. സെപ്തംബര്‍ 25 മുതല്‍ നടത്തിവരുന്ന ലൈന്‍ ചാര്‍ജിംഗ് വിജയപ്രദമായതോടെയാണ് പദ്ധതി ഔദ്യോഗികമായി സംസ്ഥാനത്തിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.

കേരളത്തിന്റെ സ്ഥാപിത വൈദ്യുതോത്പാദന ശേഷി 2980 മെഗാവാട്ടാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗം 4350 മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന വില കുറഞ്ഞ വൈദ്യുതി ഇവിടേക്ക് എത്തിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. കേരളത്തിലേക്കുള്ള ഹൈവോള്‍ട്ടേജ് വൈദ്യുതി ലൈനുകളുടെ കുറവ് മൂലം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് ലോഡ് ഡെസ്പാച്ച് സെന്ററുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com