ബിജെപി സംസ്ഥാന അധ്യക്ഷന്‍: കെ സുരേന്ദ്രന്‍ മതിയെന്ന് ദേശീയ നേതൃത്വം, ചര്‍ച്ച തുടരുന്നു

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കൊണ്ടുവരാനാണ് കേന്ദ്രനേതൃത്വത്തിന് താത്പര്യമെന്ന് റിപ്പോര്‍ട്ടുകള്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍: കെ സുരേന്ദ്രന്‍ മതിയെന്ന് ദേശീയ നേതൃത്വം, ചര്‍ച്ച തുടരുന്നു

പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കൊണ്ടുവരാനാണ് കേന്ദ്രനേതൃത്വത്തിന് താത്പര്യമെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ കണ്ടെത്താന്‍ ദേശീയ സംഘടനാ ജനറല്‍സെക്രട്ടറി ബി എല്‍ സന്തോഷും ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും തമ്മില്‍ നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയില്‍ കുമ്മനം രാജശേഖരനെ വീണ്ടും അധ്യക്ഷപദവിയിലേക്കു കൊണ്ടുവരണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. എന്നാല്‍ കെ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ താത്പര്യമെന്ന് ചര്‍ച്ചയില്‍ ഉന്നയിച്ചതായാണ് വിവരം.

ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലടക്കം ദേശീയനേതൃത്വമാണ് തീരുമാനമെടുക്കുന്നതെന്നും ദേശീയ സെക്രട്ടറി ചൂണ്ടിക്കാട്ടി. എന്നാല്‍, ദേശീയ നേതൃത്വം ഏകപക്ഷീയ തീരുമാനമെടുക്കുന്നതിനെ ആര്‍എസ്എസ് എതിര്‍ത്തു. കുമ്മനം രാജശേഖരന് മാന്യമായ പരിഗണന കിട്ടണമെന്ന നിലപാടാണ് ആര്‍എസ്എസ് നേതൃത്വത്തിനുള്ളത്. മുന്‍പ് ആര്‍എസ്എസിനോട് ആലോചിക്കാതെയാണ് കേന്ദ്രനേതൃത്വം കുമ്മനത്തെ അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റി മിസോറം ഗവര്‍ണറാക്കിയത്. അതില്‍ അന്നുമുതല്‍ അവര്‍ അതൃപ്തിയിലാണ്.

ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സഹപ്രാന്ത പ്രചാരക് സുദര്‍ശന്‍, പ്രാന്ത സഹകാര്യവാഹ് എം രാധാകൃഷ്ണന്‍ എന്നിവരാണ് പാലക്കാട്ട് കൂടിക്കാഴ്ചയ്‌ക്കെത്തിയത്.തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രസംഘടനാ ജനറല്‍സെക്രട്ടറി കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്തെ ബൈഠക്കില്‍ പങ്കെടുക്കുമെന്ന് കുരുതിയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അധ്യക്ഷ പദവിയെ സംബന്ധിച്ച് കൊച്ചിയില്‍ പ്രാഥമിക കൂടിയാലോചനകള്‍ നടന്നിരുന്നു. ഇതിന്റെ വിവരങ്ങള്‍ പുറത്തായതോടെയാണ് രണ്ടാംഘട്ട രഹസ്യചര്‍ച്ച പാലക്കാട്ടേക്കു മാറ്റിയത്.ഗ്രൂപ്പ് നേതൃത്വം തങ്ങളുടെ ആളുകളെ അധ്യക്ഷസ്ഥാനത്തേക്ക് എത്തിക്കാന്‍ കേന്ദ്രത്തില്‍ പലവഴിക്കും സമ്മര്‍ദംചെലുത്തുന്നുണ്ട്.

പി കെ കൃഷ്ണദാസ്, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, എ എന്‍  രാധാകൃഷ്ണന്‍, സുരേഷ് ഗോപി തുടങ്ങിയവരെ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുപറഞ്ഞ് സുരേഷ്‌ഗോപി ആദ്യമേ പിന്മാറി. സുരേന്ദ്രനുവേണ്ടി മുരളീധര വിഭാഗവും രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും ശക്തമായി രംഗത്തുണ്ട്.അവസാന നിമിഷം സമവായമെന്ന നിലയില്‍ കെ വി ആനന്ദബോസിനെ അധ്യക്ഷസ്ഥാനത്തേക്കു കേന്ദ്രം കൊണ്ടുവെന്നേക്കുമെന്ന ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ കേള്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com